കൊല്‍ക്കത്ത :രാഷ്‌ട്രപതി തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ 22 നേതാക്കള്‍ക്കാണ് മമത കത്ത് അയച്ചത്. ജൂണ്‍ 15-ന് ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ്ബിലാണ് യോഗം.
രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിഘടന ശക്തികള്‍ക്കെതിരെ മികച്ച പ്രതിപക്ഷത്തെ സൃഷ്‌ടിക്കാന്‍ 15-ന് ഡല്‍ഹി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ്ബില്‍ ചേരുന്ന സംയുക്ത യോഗത്തില്‍ പങ്കെടുക്കാന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രാഷ്‌ട്രീയ നേതാക്കളോടും, ബിജെപി ഇതര പ്രതിപക്ഷ മുഖ്യമന്ത്രിമാരോടും അഭ്യര്‍ഥിക്കുന്നു എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‌താവനയില്‍ പറയുന്നത്. പിണറായി വിജയന്‍ (കേരള), എംകെ സ്റ്റാലിൻ (തമിഴ്‌നാട് ), അരവിന്ദ് കെജ്‌രിവാൾ (ഡല്‍ഹി), നവീൻ പട്‌നായിക് (ഒഡിഷ), കെ ചന്ദ്രശേഖർ റാവു (തെലങ്കാന), ഉദ്ധവ് താക്കറെ (മഹാരാഷ്ട്ര), ഹേമന്ത് സോറൻ (ജാർഖണ്ഡ്), ഭഗവന്ത് മാൻ (പഞ്ചാബ്) എന്നീ മുഖ്യമന്ത്രിമാര്‍ക്കും സോണിയ ഗാന്ധി ഉള്‍പ്പടെയുള്ള രാഷ്‌ട്രീയ നേതാക്കള്‍ക്കുമാണ് യോഗത്തിലേക്ക് ക്ഷണം.