ന്യൂഡൽഹി :പാർട്ടിയുടെ വിവിധ പദവികളില്‍ ഇരിക്കുന്നവര്‍ക്ക് ഉത്തരവാദിത്വവും പ്രവര്‍ത്തനം സംബന്ധിച്ച വിലയിരുത്തലുകളും വേണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ചരിത്രം സൃഷ്‌ടിക്കുകയാണ്. മോദി സർക്കാരിനെ അസ്വസ്ഥമാക്കിയതുകൊണ്ടാണ് യാത്ര തടയാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിച്ച പ്രിയങ്ക ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷൻ അഭിനന്ദിച്ചു. തെരഞ്ഞെടുപ്പ് വിജയം പാർട്ടിക്ക് ഒരു പാഠമാണ് നല്‍കുന്നത്. നമ്മള്‍ ഒരുമിച്ച് വെല്ലുവിളികളെ നേരിടണം. ഒരുമിച്ച് പ്രവർത്തിച്ചാൽ ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുമെന്ന് നമ്മള്‍ തെളിയിച്ചുവെന്നും ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടി അദ്ദേഹം അണികളെ ഓര്‍മിപ്പിച്ചു.
'ആവശ്യമെങ്കില്‍ വേണം മാറ്റം' :എല്ലാ പദവികളിലും ഇരിക്കുന്നവര്‍ ഉത്തരവാദിത്വം കൃത്യമായി നിര്‍വഹിക്കുന്നത് സംബന്ധിച്ച് താൻ നേരത്തെ സംസാരിച്ചിരുന്നു. ഇക്കാര്യത്തില്‍ കൂട്ടിച്ചേര്‍ത്തുപറയാനുള്ളത് ഭാരവാഹികളായവര്‍ അവരവരുടെ പ്രകടനം സംബന്ധിച്ച വിലയിരുത്തലുകളിലേക്ക് കടക്കണമെന്നാണ് - ഒക്‌ടോബർ 26ന് പാർട്ടി അധ്യക്ഷനായി ചുമതലയേറ്റ ഖാര്‍ഗെ, എഐസിസി ജനറൽ സെക്രട്ടറിമാർ, പിസിസി മേധാവികൾ തുടങ്ങിയവര്‍ പങ്കെടുത്ത ന്യൂഡല്‍ഹിയില്‍ നടന്ന യോഗത്തിൽ സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മുകള്‍ത്തട്ട് മുതല്‍ താഴേത്തട്ടുവരെയുള്ള എല്ലാ നേതാക്കളും പാര്‍ട്ടിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. കൂടാതെ, സംഘടനാഭാരവാഹിത്വം പാർട്ടിക്ക് ഗുണം ചെയ്യാത്ത വെറും ഒരു 'ചടങ്ങായി' മാറരുത്. പാര്‍ട്ടി ചുമതലകളില്‍ ഇരിക്കുന്നവര്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആറ് മാസത്തിനുശേഷം അവലോകനം നടത്തണം. ആവശ്യമെങ്കിൽ ആളുകള്‍ക്ക് നല്‍കിയ ചുമതലയില്‍ പുനപ്പരിശോധന നടത്തി മാറ്റങ്ങള്‍ വരുത്താമെന്നും അദ്ദേഹം പറഞ്ഞു.