ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അദാനി വിഷയത്തിൽ സംയുക്ത പാർലമെന്‍ററി സമിതി (ജെപിസി) അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് നരേന്ദ്ര മോദി സർക്കാർ ജനാധിപത്യ തത്വങ്ങൾ പാലിക്കാതെ പാർലമെന്‍റ് സമ്മേളനം തടസപ്പെടുത്തുന്നതെന്ന് ഖാർഗെ ആരോപിച്ചു.
ALSO READ|ഡല്‍ഹിയില്‍ 'തിരംഗ മാർച്ച്' നടത്തി പ്രതിപക്ഷ എംപിമാര്‍; തടഞ്ഞ് പൊലീസ്, ഉന്നയിച്ചത് 'അദാനി വിഷയം' ഉള്‍പ്പെടെ
കറുത്ത വസ്‌ത്രം ധരിച്ച് ത്രിവര്‍ണ പതാകയേന്തി പ്രതിപക്ഷ എംപിമാർ പാര്‍ലമെന്‍റില്‍ നിന്നും വിജയ് ചൗക്കിലേക്ക് ഇന്ന് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഈ മാര്‍ച്ചിന് ശേഷം സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തിലാണ് ഖാര്‍ഗെ കേന്ദ്രത്തിനെതിരെ തിരിഞ്ഞത്. കോൺഗ്രസിന് പുറമെ തൃണമൂല്‍ കോണ്‍ഗ്രസ്, ബിആർഎസ്, എസ്‌പി, സിപിഎം, സിപിഐ, ആര്‍എസ്‌പി, മുസ്‌ലിം ലീഗ് തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളാണ് പ്രതിഷേധ ജാഥയില്‍ പങ്കെടുത്തത്. കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിലാണ് വാർത്താസമ്മേളനം നടത്തിയത്.
'സഭ കലുഷിതമാക്കുന്നത് ബിജെപി':'50 ലക്ഷം കോടി രൂപയുടെ ബജറ്റ് വെറും 12 മിനിറ്റിനുള്ളിലാണ് പാസാക്കിയത്. പ്രതിപക്ഷ പാർട്ടികൾക്ക് വികസന കാര്യങ്ങളില്‍ താത്‌പര്യമില്ലെന്നാണ് ബിജെപി എപ്പോഴും ആരോപിക്കുന്നത്. എന്നാല്‍, ബിജെപി പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നതുകൊണ്ടാണ് സഭാസമ്മേളനം നല്ല രീതിയില്‍ ചേരാന്‍ കഴിയാത്തത്. ഞങ്ങൾ എന്തെങ്കിലും ആവശ്യപ്പെടുമ്പോഴോ നോട്ടിസ് നൽകുമ്പോഴോ സംസാരിക്കാൻ അനുവദിക്കുന്നില്ല. 52 വർഷത്തെ എന്‍റെ പൊതുജീവിതത്തിൽ ഇങ്ങനെയുള്ള സംഭവവികാസങ്ങള്‍ ആദ്യമായാണ് ഉണ്ടാവുന്നത്. ഇത്തരമൊരു സംഭവം മുന്‍പ് ഉണ്ടായിട്ടേയില്ല'- എഐസിസി അധ്യക്ഷന്‍ വിശദീകരിച്ചു.
ജനാധിപത്യത്തെക്കുറിച്ച് കേന്ദ്ര സർക്കാർ ധാരാളം സംസാരിക്കുന്നുണ്ടെങ്കിലും അത് നടപ്പിലാക്കാന്‍ അവര്‍ തയ്യാറാവുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന വെല്ലുവിളി രാഹുൽ ഗാന്ധിയാണോ എന്ന ചോദ്യത്തിന് മുന്‍പില്‍ ബിജെപിക്ക് വിറയല്‍ അനുഭവപ്പെടുന്നുണ്ടെന്ന് ഡിഎംകെ നേതാവ് ടിആർ ബാലു പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം അവർക്ക് രാഹുൽ ഗാന്ധിയെ ഭയമാണ്. സർക്കാരിന്‍റെ ആധിപത്യ മനോഭാവം മൂലമാണ് അവർ സഭ തടസപ്പെടുത്തുന്നത്.
'ഞങ്ങള്‍ ഒരുമിച്ചിരിക്കുകയാണ്, ഭിന്നിപ്പിക്കാന്‍ കഴിയില്ല':ട്രഷറി ബഞ്ചുകൾ നടപടികൾ തടസപ്പെടുത്തുന്നു. ഇത്തരം സമീപനം ആദ്യമാണെന്നും എല്ലാ വിഷയങ്ങളും ചർച്ച ചെയ്‌ത് മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. അദാനി വിഷയം, വിലക്കയറ്റം, ജനാധിപത്യത്തിനെതിരായ ആക്രമണം തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് സംയുക്ത ആഹ്വാനം.
ബിആർഎസ് എംപി കെ കേശവ റാവുവും വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചു. 'വേദിയിലുള്ള പാർട്ടികൾ തമ്മിൽ അകലവും പല വിഷയങ്ങളില്‍ ഭിന്നതകളും ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ ഒരുമിച്ചാണ് നില്‍ക്കുന്നത്. ഞങ്ങളെ ഭിന്നിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. ഞങ്ങൾ ഇപ്പോള്‍ ശക്തരാവുകയാണ്. ഇന്ന് നിങ്ങള്‍ക്കെതിരായി ഒറ്റക്കെട്ടാണ്'- ബിആര്‍എസ് നേതാവ് കോണ്‍സിറ്റ്യൂഷന്‍ ക്ലബ്ബില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.