പാനിപ്പത്ത് (ഹരിയാന) : അമിത് ഷായ്‌ക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. അയോധ്യയിൽ രാമക്ഷേത്രം സജ്ജമാകുന്ന തീയതി അമിത് ഷാ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിമർശനവുമായി ഖാർഗെ രംഗത്തെത്തിയത്. ശ്രീകോവിലിലെ പൂജാരിയോ ക്ഷേത്രത്തിന്‍റെ തലവനോ അല്ലാത്ത പക്ഷം എന്തിനാണ് കേന്ദ്ര ആഭ്യന്തര മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചതെന്നായിരുന്നു ഖാർഗെയുടെ ചോദ്യം.
2024 ജനുവരി ഒന്നിന് ക്ഷേത്രം സജ്ജമാകുമെന്ന് ത്രിപുര സന്ദർശനത്തിൽ ഷാ വ്യക്തമാക്കിയിരുന്നു. 'എല്ലാവർക്കും ദൈവത്തിൽ വിശ്വാസമുണ്ട്. എന്നാൽ എന്തിനാണ് നിങ്ങൾ ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്, അതും ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്? 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് മെയ് മാസത്തിൽ നടക്കാനിരിക്കെ, അതിനു തൊട്ടുമുന്‍പ് രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുമെന്ന് നിങ്ങൾ അവകാശപ്പെടുന്നു. അത് പറയാൻ നിങ്ങളാരാണ് ?, നിങ്ങൾ അങ്ങനെയൊരു പ്രഖ്യാപനം നടത്തേണ്ട ആവശ്യം എന്താണ്?, നിങ്ങൾ രാമക്ഷേത്രത്തിലെ പൂജാരിയാണോ അതോ ക്ഷേത്രം തലവനാണോ?'- ഖാർഗെ ചോദിച്ചു.
നിങ്ങൾ ഒരു രാഷ്ട്രീയക്കാരനാണ്. രാജ്യം സുരക്ഷിതമാക്കുക, ക്രമസമാധാനം ഉറപ്പാക്കുക, ജനങ്ങൾക്ക് ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക, കർഷകരുടെ ഉത്പന്നങ്ങള്‍ക്ക് വില നൽകുക എന്നിവയാണ് നിങ്ങളുടെ ജോലിയെന്നും ഖാർഗെ ചൂണ്ടിക്കാട്ടി. പാനിപ്പത്തിൽ ഭാരത് ജോഡോ യാത്രയ്ക്ക് നല്‍കിയ സ്വീകരണത്തിലായിരുന്നു പരാമര്‍ശം.
2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി 'ഹിന്ദുത്വ' ആശയങ്ങളുടെ അടിസ്ഥാനത്തിൽ ബിജെപി വര്‍ഗീയ ധ്രുവീകരണം നടത്തുന്നതിന്‍റെ സൂചനയായാണ് അമിത് ഷായുടെ പ്രഖ്യാപനമെന്നാണ് വിമർശനം. പണപ്പെരുപ്പം, തൊഴിലില്ലായ്‌മ തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച ഖാർഗെ, തെരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്‌ദാനങ്ങൾ ഒന്നും ബിജെപി പാലിച്ചില്ലെന്നും ആരോപിച്ചു.