കൽബുർഗി:പ്രധാനമന്ത്രി നരേന്ദ്രമോദി വിഷപ്പാമ്പെന്ന പ്രസ്‌താവനയുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. വ്യാഴാഴ്‌ച കർണാടകയിലെ നിയമസഭ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് നരേന്ദ്രമോദിക്കെതിരായ ഖാർഗെയുടെ വിവാദ പ്രസ്‌താവന. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പേരെടുത്ത് വിളിച്ച് നടത്തിയ പ്രസംഗം വലിയ വിവാദങ്ങൾക്ക് വഴിവച്ചതോടെ പ്രസ്‌താവന തിരുത്തി കോൺഗ്രസ് അധ്യക്ഷൻ.
മോദി ഒരു വിഷപ്പാമ്പിനെപ്പോലെ ആണെന്നും ആളുകൾ ഈ പാമ്പിനെ നക്കിയാൽ അവർ മരിക്കുമെന്നുമാണ് ഖാർഗെ തന്‍റെ പ്രസംഗത്തിൽ പറഞ്ഞത്. തെരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിലെ തന്‍റെ മണ്ഡലമായ കൽബുർഗിയിൽ സംസാരിക്കുകയായിരുന്നു ഖാർഗെ. എന്നാൽ പ്രസ്‌താവന വിവാദമായതോടെ തന്‍റെ അഭിപ്രായം പ്രധാനമന്ത്രിയെ വ്യക്തിപരമായി ഉദ്ദേശിച്ചല്ലെന്നും ബിജെപിയെ മൊത്തത്തിൽ ഉദ്ദേശിച്ചുള്ളതാണെന്നുമുള്ള തിരുത്തലുമായി കോൺഗ്രസ് അധ്യക്ഷൻ രംഗത്തുവന്നു.
'ഇത് പ്രധാനമന്ത്രി മോദിയെ ഉദ്ദേശിച്ചല്ല, ഞാൻ ഉദ്ദേശിച്ചത് ബിജെപിയുടെ പ്രത്യയശാസ്‌ത്രം പാമ്പിനെപ്പോലെയാണ് എന്നാണ്. ഞാൻ ഒരിക്കലും പ്രധാനമന്ത്രി മോദിക്ക് നേരെ വ്യക്തിപരമായ അധിക്ഷേപം പറഞ്ഞിട്ടില്ല. അവരുടെ പ്രത്യയശാസ്‌ത്രം പാമ്പിനെപ്പോലെയാണെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. നിങ്ങൾ അതിനെ തൊടാൻ ശ്രമിച്ചാൽ നിങ്ങളുടെ മരണം ഉറപ്പാണ്,' - ഖാർഗെ വ്യക്തമാക്കി.
രാജ്യത്തെ ചില പാർട്ടികളും നേതാക്കളും രാഷ്ട്രീയവും മതവും കൂട്ടിക്കലർത്താൻ ശ്രമിക്കുകയാണെന്നും ഏപ്രിൽ 24ന് നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ ഖാർഗെ ബിജെപിക്കെതിരെ ആഞ്ഞടിച്ചിരുന്നു. 'രാഷ്ട്രീയവും മതവും കൂട്ടിക്കലർത്തരുത്, ചില പാർട്ടികളും നേതാക്കളും ഇക്കാലത്ത് അവയെ കൂട്ടിക്കുഴയ്ക്കാൻ ശ്രമിക്കുകയാണ്. ഒരു സമുദായത്തിലെ വ്യത്യസ്‌ത ആളുകൾക്ക് വ്യത്യസ്‌ത പാർട്ടികളെ ഇഷ്‌ടപ്പെടാം, ഒരു വീട്ടിലെ വ്യക്തികൾക്ക് വ്യത്യസ്‌ത മുൻഗണനകളുണ്ടാകും. അവരെ കൂട്ടുപിടിക്കാൻ ശ്രമിക്കരുത്.' - ഖാർഗെയുടെ പ്രസംഗം ഇങ്ങനെയായിരുന്നു.
'ഇത്തരം ആശയങ്ങൾ പ്രതിലോമകരവും നമ്മുടെ ജനാധിപത്യത്തേയും ഭരണഘടനയേയും ദുർബലമാക്കുകയും ചെയ്യുന്നു. വോട്ടിന്‍റെ അത്യാർത്തിക്കായി ഒരു സമുദായത്തിനെതിരെ മറ്റൊരു സമുദായത്തെ ഉപയോഗിച്ച് കളിക്കരുതെന്നാണ് ബിജെപി നേതാക്കൾക്കുള്ള എന്‍റെ ഉപദേശം' - ഏപ്രിൽ 24ന് നടന്ന പ്രസംഗത്തിൽ ഖാർഗെ പറഞ്ഞു.