ന്യൂഡൽഹി:ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്‍റൽ ഇൻക്ലൂസീവ് അലയൻസിന്‍റെ(ഇന്ത്യ മുന്നണി) ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ തെരഞ്ഞെടുത്തു. ശനിയാഴ്‌ച നടന്ന, 14 പ്രധാന പാർട്ടി നേതാക്കൾ പങ്കെടുത്ത ഓൺലൈൻ യോഗത്തിലാണ് ലോക്‌സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിൽ മുന്നണിയെ നയിക്കാൻ മല്ലികാർജുൻ ഖാർഗെയെ അധ്യക്ഷനായി നിയമിച്ചത് (INDIA bloc appoints Congress's Mallikarjun Kharge as Chairperson).
ബിഹാർ മുഖ്യമന്ത്രിയും ജെഡിയു തലവനുമായ നിതീഷ് കുമാർ മുന്നണിയുടെ കൺവീനറാകുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇന്ന് നടന്ന പ്രതിപക്ഷ സഖ്യത്തിന്‍റെ വെർച്വൽ മീറ്റിംഗിൽ കൺവീനർ സ്ഥാനം നിതീഷ് കുമാർ നിരസിച്ചതായാണ് റിപ്പോർട്ടുകൾ. ഇന്ന് നടന്ന യോഗത്തിൽ കൺവീനറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നതായും അതിനിടയിൽ ജെഡിയു മേധാവിയുടെ പേര് ഉയർന്നതായും വൃത്തങ്ങൾ അറിയിച്ചു.
എന്നാൽ കോൺഗ്രസിൽ നിന്നുതന്നെ ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് ആൾ വരണമെന്ന് നിർദേശിച്ച നിതീഷ് അഭ്യർഥന നിരസിക്കുകയായിരുന്നു എന്നുമാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പേര് അദ്ദേഹം നിർദേശിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
മല്ലികാർജുൻ ഖാർഗെയെ ഇന്ത്യൻ ബ്ലോക്ക് ചെയർപേഴ്‌സണായി നിയമിച്ച തീരുമാനത്തെ തൃണമൂൽ കോൺഗ്രസ് സ്വാഗതം ചെയ്‌തിട്ടുണ്ട്. മുഖ്യമന്ത്രി മമതാ ബാനർജി നേരത്തെ പറഞ്ഞതാണിതെന്ന് തൃണമൂൽ കോൺഗ്രസ് വക്താവ് കുനാൽ ഘോഷ് പറഞ്ഞു.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി സർക്കാരിനെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ ലക്ഷ്യമിട്ടാണ് ഇന്ത്യ മുന്നണി തന്ത്രപ്രധാനമായ വെർച്വൽ മീറ്റിംഗ് നടത്തിയത്. സീറ്റ് വിഭജനം സംബന്ധിച്ച തർക്കവിഷയം യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടതായാണ് വിവരം. ഇതിന് പുറമെ ഭാരത് ജോഡോ ന്യായ് യാത്രയിലെ പങ്കാളിത്തവും സഖ്യവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളും ചർച്ചയിൽ ഇടംപിടിച്ചു. സഖ്യം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും ഉന്നത നേതാക്കൾ ചർച്ച നടത്തി.
തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി വിട്ടുനിന്ന യോഗത്തിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) തലവൻ ശരദ് പവാർ മുംബൈയിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴിയാണ് പങ്കെടുത്തത്. തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിനും കനിമൊഴി കരുണാനിധിയും യോഗത്തിൽ പങ്കെടുത്തു.
അതേസമയം വെള്ളിയാഴ്‌ച കോൺഗ്രസ്, ആം ആദ്‌മി പാർട്ടി നേതാക്കൾ യോഗം ചേർന്ന് സീറ്റ് വിഭജനം ചർച്ച ചെയ്‌തിരുന്നു. മുകുൾ വാസ്‌നിക്കിന്‍റെ വസതിയിൽ ചേർന്ന രണ്ട് മണിക്കൂർ നീണ്ട കൂടിക്കാഴ്‌ച ഫലം കണ്ടിരുന്നു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനും പരാജയപ്പെടുത്താനും 28 പ്രതിപക്ഷ പാർട്ടികളാണ് ഇന്ത്യാ ബ്ലോക്കിന് കീഴിൽ ഒന്നിച്ചിത്.
ഇതിനിടെ ഇന്ത്യൻ ബ്ലോക്കിന്‍റെ വെർച്വൽ മീറ്റിംഗിനെ പരിഹസിച്ച് കേന്ദ്ര കായിക യുവജനകാര്യ മന്ത്രി അനുരാഗ് താക്കൂർ രംഗത്തെത്തി. ഇന്ത്യ ബ്ലോക്കിനെ നയിക്കാൻ ശരിയായ നേതാവില്ലെന്നും രാജ്യത്തിനാവശ്യമായ നയങ്ങൾ അവരുടെ പക്കലില്ലെന്നും അനുരാഗ് താക്കൂർ കുറ്റപ്പെടുത്തി. 'പശ്ചിമ ബംഗാളിൽ അധിർ രഞ്ജൻ ചൗധരി എന്തോ പറയുന്നു, മമത ബാനർജി നേരെ മറിച്ചാണ് പറയുന്നത്. ഇത്തരം ഈഗോ വച്ചുപുലർത്തുന്നവരുമായി ഈ സംഘം എങ്ങനെ നിലനിൽക്കും'- താക്കൂർ ചോദിച്ചു.
ALSO READ:ഇന്ത്യ മുന്നണിയില്‍ വീണ്ടും അനിശ്ചിതത്വം ; കൺവീനറാകാനില്ലെന്ന് നിതീഷ് കുമാർ