ന്യൂഡൽഹി:ഗുജറാത്തിൽ തൂക്കുപാലം തകർന്ന സംഭവത്തിൽ രാഷ്‌ട്രീയ മുതലെടുപ്പിനില്ലെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം. വിരമിച്ച സുപ്രീം കോടതി, ഹൈക്കോടതി ജഡ്‌ജിയെക്കൊണ്ട് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അപകടത്തിൽ 142 ജീവനുകളാണ് നഷ്‌ടമായത്.
ഗുജറാത്തിൽ തൂക്കുപാലം തകർന്ന സംഭവം; രാഷ്‌ട്രീയ മുതലെടുപ്പിനില്ലെന്ന് മല്ലികാർജുൻ ഖാർഗെ
അന്വേഷണ റിപ്പോർട്ട് പുറത്തുവരുമ്പോൾ പ്രതികരിക്കുമെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി.
അപകടം മുതലാക്കി രാഷ്‌ട്രീയം കളിക്കാൻ ഞങ്ങൾ ഇല്ല. ഈ അവസരത്തിൽ ആരെയും കുറ്റപ്പെടുത്തുന്നതും ശരിയല്ല. എന്നാൽ അന്വേഷണ റിപ്പോർട്ട് പുറത്തുവരുമ്പോൾ പ്രതികരിക്കുമെന്നും ഖാർഗെ പറഞ്ഞു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകരുത്. അപകടത്തിന് പിന്നിലെ ഉത്തരവാദികളെ പുറത്തുകൊണ്ടുവരണമെന്നും ഖാർഗെ കൂട്ടിച്ചേർത്തു.
ദു:ഖാചരണത്തിന്‍റെ ഭാഗമായി അഞ്ച് സംസ്ഥാനങ്ങളിൽ ഇന്ന് ആരംഭിക്കാനിരുന്ന പരിവർത്തൻ സങ്കൽപ് യാത്രയും പ്രചാരണ പരിപാടികളും കോൺഗ്രസ് റദ്ദാക്കി. പുതിയ കോൺഗ്രസ് അധ്യക്ഷൻ വിഷയത്തിൽ സംയമനം പാലിച്ചപ്പോഴും, എഐസിസി മാധ്യമ മേധാവി പവൻ ഖേര സംഭവത്തിൽ സംസ്ഥാന സർക്കാരിനെ ആക്ഷേപിക്കുകയും മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു.