ന്യൂഡല്‍ഹി :മാലദ്വീപ് മന്ത്രിമാര്‍ ഇന്ത്യയ്‌ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ ഇന്ത്യയിലെ മാലദ്വീപ് പ്രതിനിധിയെ വിദേശകാര്യ മന്ത്രാലയം വിളിപ്പിച്ചതായി റിപ്പോര്‍ട്ട് (Maldivian envoy summoned to MEA on India Maldives diplomatic row). പ്രധാനമന്ത്രി മോദിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു മാലദ്വീപ് മന്ത്രിമാരുടെ ആക്ഷേപ പരാമര്‍ശം (x post against modi). സംഭവത്തില്‍ മൂന്ന് ഉപമന്ത്രിമാരെ മാലദ്വീപ് സര്‍ക്കാര്‍ ഇന്നലെ (ജനുവരി 7) സസ്‌പെന്‍ഡ് ചെയ്‌തിരുന്നു.
പ്രധാനമന്ത്രി തന്‍റെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെ എക്‌സില്‍ പങ്കുവച്ച പോസ്റ്റിനെ അധികരിച്ചായിരുന്നു മന്ത്രിമാരുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്. മാലദ്വീപിന് ബദല്‍ വിനോദ സഞ്ചാര കേന്ദ്രമായി ലക്ഷദ്വീപിനെ മാറ്റാനുള്ള നീക്കമാണെന്നായിരുന്നു മന്ത്രിമാരുടെ പോസ്റ്റ്. യുവജന മന്ത്രാലയത്തിലെ ഉപമന്ത്രിമാരായ മറിയം ഷിയുന, മല്‍ഷ ഷെരീഫ്, അബ്‌ദുല്ല മഹ്‌സൂം മജിദ് എന്നിവര്‍ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ആക്ഷേപകരമായ ഭാഷയില്‍ വിമര്‍ശനം രേഖപ്പെടുത്തുകയായിരുന്നു.
നരേന്ദ്ര മോദി കോമാളി ആണെന്നും ഇസ്രയേലിന്‍റെ കളിപ്പാവ ആണെന്നും അടക്കം മന്ത്രി മറിയം ഷിയുന പരാമര്‍ശിക്കുകയുണ്ടായി. ഇത് മന്ത്രിയുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് വിശദീകരിക്കുകയാണ് മാലദ്വീപ് സര്‍ക്കാര്‍ ചെയ്‌തത്. വിഷയത്തില്‍ നടപടി എടുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.