കവരത്തി: മാലദ്വീപ് മാതൃകയിൽ ലക്ഷദ്വീപിൽ മൂന്ന് പ്രീമിയം വാട്ടർ വില്ലകൾ വരുന്നു. രാജ്യത്തെ ആദ്യത്തെ വാട്ടർ വില്ലകൾ എന്നവകാശപ്പെടുന്നവ 800 കോടി രൂപ മുതൽമുടക്കിലാണ് വരുന്നത്. മിനിക്കോയ്, കഡ്‌മാറ്റ്, സുഹേലി എന്നിവിടങ്ങളിൽ വരുന്ന പദ്ധതിക്കായി ശനിയാഴ്ച ലക്ഷദ്വീപ് ഭരണകൂടം ആഗോള ടെൻഡർ ക്ഷണിച്ചു. വിനോദ സഞ്ചാരത്തിന്‍റെ വളർച്ചയ്‌ക്കൊപ്പം സമുദ്ര സംബന്ധമായ സാമ്പത്തിക വളർച്ചയ്ക്ക് ശക്തമായ അടിത്തറ സ്ഥാപിക്കാനുള്ള ലക്ഷ്യത്തോടെയാണ് നിതി ആയോഗ് വകുപ്പിന് കീഴിൽ പദ്ധതികൾ വികസിപ്പിക്കുന്നതെന്ന് ലക്ഷദ്വീപ് ഭരണകൂടം പറയുന്നു.
ഭരണകൂട അവകാശ വാദങ്ങൾ
പവിഴപ്പുറ്റുകളുടെ സംരക്ഷണത്തിനും ദ്വീപ് നിവാസികളുടെ ഉപജീവന മാർഗങ്ങൾ മെച്ചപ്പെടുത്തുന്നതിനും പദ്ധതിയുടെ ഓരോ ഘട്ടത്തിലും ശാസ്ത്രീയ സമീപനമാണ് സ്വീകരിച്ചതെന്ന് ഭരണകൂടം പറയുന്നു. അനുയോജ്യമായ സ്ഥലത്തിന്‍റെ വിശകലനം, സാങ്കേതികവും സാമ്പത്തികവുമായ സാധ്യതകൾ, പ്രോജക്ട് ഘടന എന്നിവയെ അടിസ്ഥാനമാക്കി മിനിക്കോയിൽ 319 കോടി രൂപ, സുഹേലിയിൽ 247 കോടി രൂപ, കഡ്‌മാറ്റിൽ 240 കോടി രൂപ എന്നിങ്ങനെയാണ് പദ്ധതിച്ചെലവ് കണക്കാക്കിയിരിക്കുന്നത്.
സുസ്ഥിര തീരദേശ പരിപാലനത്തിനുള്ള ദേശീയ കേന്ദ്രം(എൻസിഎസ്‌സിഎം), പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന മന്ത്രാലയം, നിതി ആയോഗ് പ്രതിനിധികൾ എന്നിവർ സ്ഥലം വിലയിരുത്തലിനും സ്ഥിരീകരണത്തിനുമായി 2018ൽ ലക്ഷദ്വീപ് സന്ദർശിച്ചിരുന്നു. പദ്ധതിക്കായി എൻസിഎസ്‌സിഎം വിലയിരുത്തി സമഗ്ര വികസന ആസൂത്രിത പദ്ധതി അംഗീകരിച്ചുവെന്ന് ഭരണകൂടം അറിയിച്ചു.