ന്യൂഡൽഹി :മാലിദ്വീപിൽ നിന്ന് ഇന്ത്യക്ക് സൈന്യത്തെ പിൻവലിക്കാൻ മാർച്ച് 15 വരെ സമയ പരിധി നിശ്ചയിച്ച് മാലിദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസു. പുതിയ കണക്കുകൾ പ്രകാരം 88 ഇന്ത്യൻ സൈനികരാണ് മാലിദ്വീപിൽ ഉള്ളത്. മാർച്ച് 15 നകം ഇവരെ പിൻവലിക്കാനാണ് പ്രസിഡന്‍റ് മുയിസുന്‍റെ ഔദ്യോഗികമായ നിർദേശമെന്ന് പ്രസിഡന്‍റിന്‍റെ ഓഫീസ് പബ്ലിക്ക് പോളിസി സെക്രട്ടറി അബ്‌ദുല്ല നസിം ഇബ്രാഹിം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു (Maldives Asks India to Withdraw Troops) . ഇന്ത്യൻ സൈനികർ മാലിദ്വീപിൽ തങ്ങരുത് എന്നാണ് മാലിദ്വീപ് പ്രസിഡന്‍റിന്‍റെയും ഭരണകൂടത്തിന്‍റെയും നയം.
ലക്ഷ്യദ്വീപ് ടൂറിസം പ്രോത്സാഹിപ്പാക്കാനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ച സമൂഹമാധ്യമ പോസ്റ്റിനെതിരെ മാലിദ്വീപ് മന്ത്രിമാരായ മറിയം ഷിയുന, മൽഷ ഷരീഫ്,അബ്‌ദുള്ള മഹ്സും മജീദ് എന്നിവർ നടത്തിയ പരാമർശം വളരെയേറെ വിവാദമായിരുന്നു. തുടർന്ന് മാലിദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസു ഇവരെ സസ്‌പെൻഡ് ചെയ്‌തു. ഈ അപകീർത്തിപരമായ വിവാദ പരാമർശ വാർത്തകൾക്ക് പിന്നാലെയാണ് ഇന്ത്യൻ സൈനികരെ പിൻവലിക്കണമെന്ന ശക്തമായ ആവശ്യവുമായി മാലിദ്വീപ് ഭരണകൂടം രംഗത്തെത്തിയത് . മാലിദ്വീപും ഇന്ത്യയും സൈനികരെ പിൻവലിക്കാനുള്ള ചർച്ചകൾക്കായി ഉന്നതതല കോർ ഗ്രൂപ്പ് രൂപീകരിച്ചു. ഇന്ന് രാവിലെ ( ജനുവരി 14 ഞായർ ) മാലെയിലെ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്താണ് യോഗം ചേർന്നത്.
യോഗത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷണർ മുനു മഹാവാറും പങ്കെടുത്തതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇന്ത്യൻ സർക്കാർ ഈ മാധ്യമ റിപ്പോർട്ടിൽ പ്രതികരണം അറിയിക്കുകയോ ഈ കാര്യം സ്ഥിരീകരിക്കുകയോ ചെയ്‌തിട്ടില്ല. മാർച്ച് 15നകം ഇന്ത്യൻ സൈന്യത്തെ പിൻവലിക്കാനുള്ള അഭ്യർത്ഥനയാണ് യോഗത്തിന്‍റെ പ്രധാന അജണ്ടയെന്ന് അബ്‌ദുല്ല നസിം ഇബ്രാഹിം പറഞ്ഞു.