ദേശീയത ബോധത്തിലും മറ്റും പുതിയ തലമുറയുടെ പോക്ക് എങ്ങോട്ടാണ് എന്നതിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് മേജർ രവി. ദേശീയതയെ സംബന്ധിച്ച് ഏതൊരു വാർത്തകളോടും പുതിയ തലമുറയുടെ പ്രതികരണം പരിഹാസ്യ ഭാവത്തിലാണ്. ഇതെങ്ങനെ നിയന്ത്രിക്കണമെന്ന് ഇവിടുത്തെ ഭരണസംവിധാനത്തിന് യാതൊരു ബോധ്യവുമില്ലെന്നും ഇടിവി ഭാരതിന് നൽകിയ പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഭാരതമെന്ന വികാരത്തോട് മുഖം കറുപ്പിക്കുന്ന പ്രവണത ഒരു പട്ടാളക്കാരൻ എന്നുള്ള നിലയിൽ തന്നെ വേദനിപ്പിക്കുന്നു എന്ന് പറഞ്ഞ അദ്ദേഹം ചന്ദ്രയാൻ പോലുള്ള അഭിമാന ദൗത്യത്തിനെ പോലും രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നതിന്‍റെ പൊരുൾ മനസിലാകുന്നില്ല എന്നും പറഞ്ഞു. ജാതി - രാഷ്‌ട്രീയ ചിന്തകൾക്കാണ് ഇക്കാലത്ത് ജനങ്ങൾ കൂടുതൽ പ്രാധാന്യം കൽപ്പിക്കുന്നത്. ജാതി - മത - രാഷ്‌ട്രീയ വിമർശനങ്ങൾ അതിരു കടന്നാണ് മുന്നോട്ടുപോകുന്നത്.
ജനങ്ങളുടെ വിശ്വാസങ്ങൾക്ക് മേലെ ആണി അടിച്ചിട്ടും ചെയ്‌തത് തെറ്റാണെന്ന് തിരിച്ചറിഞ്ഞാൽ പോലും മാപ്പ് ചോദിക്കാൻ തയ്യാറാകാത്ത സ്ഥിതിവിശേഷമാണ് ഇവിടെ. ജാതി - രാഷ്‌ട്രീയ സമ്മേളനങ്ങളിൽ ആദ്യം ഉയർന്ന് നിൽക്കേണ്ടത് ഇന്ത്യയുടെ ത്രിവർണ പതാകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശത്രു രാജ്യമായ പാകിസ്ഥാനിൽ പോയി ഇന്ത്യയുടെ ഭരണ, സാംസ്‌കാരിക മേഖലകളെ നശിപ്പിക്കാനായി ഗൂഢാലോചന നടത്തിയവർ പോലും ഈ നാട്ടിൽ സ്വതന്ത്രരായി അധിവസിക്കുന്നു.
രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നവരെ കൈകാര്യം ചെയ്യുവാൻ ഇവിടത്തെ ഭരണ - രാഷ്‌ട്രീയ സംവിധാനങ്ങൾക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിദ്യാഭ്യാസ കാലം മുതൽക്ക് തന്നെ ദേശഭക്തിയുടെ ബാലപാഠങ്ങൾ കുട്ടികൾക്ക് ബോധ്യപ്പെടുത്തി കൊടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെന്ന വികാരത്തെ രാഷ്‌ട്രീയ വൽകൃതമായ ഒരന്തരീക്ഷം ഗ്രഹണം പോലെ മറച്ചുപിടിച്ചിരിക്കുന്നു. ഇത്തരം സാമൂഹിക സന്തുലിതാവസ്ഥയ്‌ക്ക് സോഷ്യൽ മീഡിയയും ഒരു പ്രധാന കാരണമാണെന്ന് മേജർ രവി ചൂണ്ടിക്കാട്ടി.