മുംബൈ: മഹാരാഷ്‌ട്രയിലെ ബീഡ് ജില്ലയിലെ മജൽഗാവ് മുനിസിപ്പൽ കൗൺസിൽ ഓഫീസ് കെട്ടിടത്തില്‍ മറാത്ത സംവരണ പ്രവർത്തകർ തീയിട്ടു (Majalgaon Municipal Council office burnt). മജൽഗാവ് മുനിസിപ്പൽ കൗൺസിൽ ഓഫിസ് കെട്ടിടത്തിന് പുറത്ത് ആയിരക്കണക്കിന് പ്രതിഷേധക്കാർ തടിച്ചുകൂടികയും തുടര്‍ന്ന് മുദ്രാവാക്യം വിളികളോടെ കെട്ടിടത്തിനുള്ളിൽ കയറി തീയിടുകയുമായിരുന്നു. സംഭവത്തെത്തുടർന്ന് മജൽഗാവ് നഗരത്തിലെ അക്രമ ബാധിത പ്രദേശങ്ങളിൽ വൻ പോലീസ് സേനയെ വിന്യസിച്ചു.
നേരത്തെ എൻസിപി എംഎൽഎ പ്രകാശ് സോളങ്കെയുടെ വസതിക്ക് പ്രതിഷേധക്കാർ തീയിട്ടിരുന്നു. മധ്യ മഹാരാഷ്‌ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയില്‍ ഗംഗാപൂരിലുള്ള ബി.ജെ.പി എം.എൽ.എ പ്രശാന്ത് ബാംബിന്‍റെ ഓഫീസ് മരത്തടികളുമായി എത്തിയ മറാത്ത അനുകൂലികൾ (Maratha reservation activists) അടിച്ചു തകർത്തു. രണ്ടു സംഭവങ്ങളിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.
എം.എൽ.എ സോളങ്കെയുടെ വസതിക്ക് തീയിട്ട ശേഷം മറാത്ത പ്രവർത്തകരില്‍ ഒരു സംഘം പരാളി റോഡിൽ സ്ഥിതി ചെയ്യുന്ന മജൽഗാവ് മുനിസിപ്പൽ കൗൺസിൽ കെട്ടിടത്തിലെത്തുകയും നശിപ്പിക്കാൻ തുടങ്ങിയതായും പൊലീസ് പറഞ്ഞു. മുംബൈയിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള മജൽഗാവിൽ ഉച്ചയ്ക്ക് 1.30 യോടെയാണ് സംഭവം. മരത്തടികളും കല്ലുകളുമായെത്തിയ അക്രമികൾ കെട്ടിടത്തിന്‍റെ ജനൽ ചില്ലുകൾ തകർക്കുകയും കെട്ടിടത്തിന്‍റെ ഒന്നാം നിലയിലെത്തി ഫർണിച്ചറുകൾ കത്തിക്കുകയും ചെയ്‌തു. അഗ്നിശമന സേനാംഗങ്ങൾ സംഭവ സ്ഥലത്തെത്തി തീയണച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.
മുനിസിപ്പൽ കൗൺസിൽ കെട്ടിടം കത്തിച്ചവരെ തിരിച്ചറിയുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു തുടങ്ങി, ഇവർക്കെതിരെ കുറ്റം ചുമത്താനുള്ള നടപടി പുരോഗമിക്കുകയാണ്. മറാത്ത ക്വാട്ട അനുകൂലികൾ ബിജെപി എംഎൽഎ പ്രശാന്ത് ബാംബിന്‍റെ ഓഫീസിനുള്ളിലെ ജനൽ ചില്ലുകളും ഫർണിച്ചറുകളും നശിപ്പിച്ചതിനെ തുടർന്ന് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 25 നാണ് അന്തര്‍വാലിയില്‍ മറാത്ത സംവരണത്തിനായി മറാത്ത നേതാവ് മനോജ് ജാരങ്കേ പാട്ടീല്‍ പ്രതിഷേധത്തിന് തുടക്കമിട്ടത്. ഇക്കാര്യത്തില്‍ മഹാരാഷ്‌ട്ര സര്‍ക്കാറിന് നിലപാട് അറിയിക്കാന്‍ അദ്ദേഹം രണ്ട് ദിവസം സമയം നല്‍കിയിരുന്നു. തുടര്‍ന്നും സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും യാതൊരുവിധ നടപടിയും കൈക്കൊള്ളാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധം ശക്തമാക്കിയത്.
മറാത്ത സംവരണത്തെ കുറിച്ചുള്ള എംഎല്‍എ പ്രകാശ് സോളങ്കെയുടെ പരമാര്‍ശമാണ് പ്രതിഷേധക്കാരെ ചൊടിപ്പിച്ചത്. മറാത്ത സംവരണം ഒരു തമാശയാണെന്ന് നേരത്തെ എംഎല്‍എ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധക്കാര്‍ വീടിനും വാഹനത്തിനും തീ കൊളുത്തിയത്. കൂടാതെ മജല്‍ഗാവ് മുനിസിപ്പല്‍ കൗണ്‍സിലിന്‍റെ കെട്ടിടത്തിനും പ്രതിഷേധക്കാര്‍ തീയിടുകയായിരുന്നു. കെട്ടിടത്തിലെ മുഴുവന്‍ വസ്‌തുക്കളും തീപിടിത്തത്തില്‍ നശിച്ചു. സംഭവത്തിന് പിന്നാലെ വന്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തി. മറാത്ത സമുദായത്തില്‍പ്പെട്ട ലക്ഷക്കണക്കിനാളുകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
ALSO READ:മറാത്ത സംവരണത്തിനായുള്ള പ്രതിഷേധം; മഹാരാഷ്‌ട്രയില്‍ എന്‍സിപി എംഎല്‍എയുടെ വീടിന് തീയിട്ടു