ജലന്ധർ: പഞ്ചാബിലെ ക്രമസമാധാന നിലയും സമാധാനവുമാണ് തങ്ങൾക്ക് പ്രധാനമെന്ന് ആം ആദ്‌മി പാർട്ടി (എഎപി) ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. പഞ്ചാബിലെ ക്രമസമാധാന പാലനത്തിൽ ഭഗവന്ത് മാൻ സർക്കാരിനെ പ്രശംസിച്ച കെജ്‌രിവാൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ചിലർ പഞ്ചാബിന്‍റെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചുവെന്നും എന്നാൽ സമാധാനം തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും പറഞ്ഞു. ശനിയാഴ്‌ച ദേരാ സച്ച്‌ഖണ്ഡ് ബല്ലാനിൽ ഗുരു രവിദാസ് ബാനി സ്റ്റഡി സെന്‍റർ ഉദ്ഘാടനം ചെയ്‌ത ശേഷം നടത്തിയ പ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രമസമാധാനം നിലനിർത്താൻ ചിലപ്പോൾ കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടിവരുമെന്നും ഭഗവന്ത് മാന്‍റെ നേതൃത്വത്തിലുള്ള എഎപി സർക്കാരിന് കടുത്ത തീരുമാനങ്ങൾ എടുക്കാൻ കഴിവുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഭഗവന്ത് മാൻ സർക്കാർ സ്ഥിതിഗതികൾ വളരെ നന്നായി കൈകാര്യം ചെയ്‌തുവെന്നും ഒരു വെടിയുണ്ട പോലും ഉതിര്‍ക്കാതെയും ഒരു തുള്ളി രക്തം ചിന്താതെയും പഞ്ചാബ് സർക്കാർ സ്ഥിതിഗതികൾ മുഴുവൻ നിയന്ത്രണ വിധേയമാക്കിയെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേർത്തു. എഎപി സർക്കാരിന്‍റെ കാര്യക്ഷമമായ ഇടപെടൽ മൂലം ഇന്ന് സാമുദായിക സൗഹാർദവും സമാധാനവും തകർക്കാൻ ശ്രമിക്കുന്നവർ പഞ്ചാബിൽ പേടിച്ച് ഓടുകയാണെന്ന് എഎപി ദേശീയ കൺവീനർ പ്രസംഗത്തിൽ പറഞ്ഞു.
പഞ്ചാബിന്‍റെ സമാധാനം തകർക്കുകയോ മയക്കുമരുന്ന് വിൽക്കുകയോ ചെയ്യുന്ന ആരെയും വെറുതെ വിടില്ലെന്നും മൂന്ന് കോടി പഞ്ചാബികൾ സർക്കാരിനൊപ്പം വരുമ്പോൾ ഒരു മയക്കുമരുന്ന് കച്ചവടക്കാരനും മയക്കുമരുന്ന് വിൽക്കാൻ ധൈര്യപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. മുൻ സർക്കാരുകളുടെ കാലത്ത് അവരുടെ എംഎൽഎമാരും മന്ത്രിമാരും ഗുണ്ട സംഘങ്ങൾ, മാഫിയകൾ, ക്രിമിനലുകൾ എന്നിവരുമായി ചേർന്നാണ് പ്രവർത്തിച്ചിരുന്നത്. ഇത് സംസ്ഥാനത്തെ ക്രമസമാധാന നില തകർത്തിരുന്നു.
എന്നാൽ ഈ അവസ്ഥകൾ സംസ്ഥാനത്ത് ആം ആദ്‌മി പാർട്ടി സർക്കാർ രൂപീകരിച്ചതിനു ശേഷം മെച്ചപ്പെട്ടു. എഎപി സർക്കാരിന് ഗുണ്ട സംഘങ്ങൾ, മാഫിയകൾ, ക്രിമിനലുകൾ എന്നിവരോട് യാതൊരു വിട്ടുവീഴ്‌ചയുമില്ല. അതുകൊണ്ടാണ് ഇപ്പോൾ ഗുണ്ട സംഘങ്ങളും മാഫിയകളും ശിക്ഷിക്കപ്പെടുന്നത്.