ന്യൂഡൽഹി : മെയ്‌ഡൻ ഫാർമസ്യൂട്ടിക്കൽസിന്‍റെ കഫ് സിറപ്പുകള്‍ നിലവാരമുള്ളതാണെന്ന് കണ്ടെത്തിയതായി കേന്ദ്ര സര്‍ക്കാര്‍. ഗാംബിയയിലെ കുട്ടികളുടെ മരണത്തില്‍ കമ്പനിയുടെ കഫ് സിറപ്പുകൾക്ക് ബന്ധമുണ്ടെന്ന തരത്തില്‍ ലോകാരോഗ്യ സംഘടന സംശയം ഉന്നയിച്ച് ആഴ്‌ചകൾക്ക് ശേഷമാണ് മരുന്നുകളുടെ നിലവാരം സംബന്ധിച്ച് സർക്കാർ പാർലമെന്‍റിന് വിവരങ്ങള്‍ കൈമാറിയത്. പശ്ചിമാഫ്രിക്കൻ രാജ്യത്ത് 66 കുട്ടികളുടെ മരണത്തിന് ഇടയായ സംഭവത്തില്‍ വസ്‌തുത കണ്ടെത്തുന്നതിനായി സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) ഹരിയാനയിലെ സ്റ്റേറ്റ് ഡ്രഗ് കൺട്രോളറുമായി ചേര്‍ന്ന് സോനിപത്തിലെ കുണ്ഡ്‌ലിയിലുള്ള മെയ്‌ഡൻ ഫാർമസ്യൂട്ടിക്കൽസിൽ പരിശോധന നടത്തി.
ഹരിയാനയിലെ സ്റ്റേറ്റ് ഡ്രഗ് കൺട്രോളർ കമ്പനിക്ക് കയറ്റുമതിക്കായി മാത്രം നാല് മരുന്നുകൾ നിർമിക്കാൻ ലൈസൻസ് നൽകിയതായി അന്വേഷണത്തില്‍ കണ്ടെത്തിയതായും കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ് സഹമന്ത്രി ഭഗവന്ത് ഖുബ ഡിസംബർ 13 ന് രാജ്യസഭയിൽ രേഖാമൂലം അറിയിച്ചു. പ്രോമെതസൈൻ ഓറൽ സൊല്യൂഷൻ ബിപി, കോഫെക്‌സ്‌മാലിൻ ബേബി കഫ് സിറപ്പ്, മാകോഫ് ബേബി കഫ് സിറപ്പ്, മാഗ്രിപ്പ് എൻ കോൾഡ് സിറപ്പ് എന്നിവയാണ് ഈ നാല് മരുന്നുകൾ. ഈ മരുന്നുകൾ ഇന്ത്യയിൽ നിർമിക്കുന്നതിനും വിൽക്കുന്നതിനും അനുമതി ഇല്ല. അവ ഇന്ത്യയില്‍ വിപണനം ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.