ന്യൂഡൽഹി: വീടിന് മുന്നിലുള്ള സായുധ പൊലീസ് ഉദ്യോഗസ്ഥരെ മാറ്റണമെന്നാവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്‌ത്ര ഡല്‍ഹി പൊലീസിന് കത്ത് നൽകി. തന്‍റെ സുരക്ഷയ്‌ക്കല്ല തന്നെ നിരീക്ഷിക്കാനാണ് വീടിന് മുന്നില്‍ പൊലീസുകാരെ നിര്‍ത്തിയിരിക്കുന്നതെന്ന് മഹുവ മൊയ്‌ത്ര കത്തില്‍ ആരോപിക്കുന്നു. “ഞാൻ ഇന്ത്യയിലെ ഒരു സ്വതന്ത്ര പൗരനാണ്, ആളുകൾ എന്നെ സംരക്ഷിക്കും. (ഉദ്യോഗസ്ഥരെ) ഉടൻ നീക്കം ചെയ്യാൻ ആഭ്യന്തരമന്ത്രി അമിത് ഷായോടും ആഭ്യന്തര മന്ത്രാലയത്തോടും അഭ്യർഥിച്ചിട്ടുണ്ട്.” - മഹുവ മൊയ്‌ത്ര ട്വീറ്റ് ചെയ്തു.
തനിക്ക് സായുധ പൊലീസിന്‍റെ സുരക്ഷ വേണ്ടെന്ന് മഹുവ മൊയ്‌ത്ര
ഉദ്യോഗസ്ഥരെ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പൊലീസിന് കത്തയച്ചു.
"എന്‍റെ വസതിയിലേക്കും പുറത്തേക്കുമുള്ള എല്ലാ നീക്കങ്ങളും സുരക്ഷാ ഉദ്യോഗസ്ഥര്‍ കുറിച്ചുവയ്‌ക്കുന്നുണ്ട്. ഞാൻ ഒരുതരം നിരീക്ഷണത്തിലാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇന്ത്യൻ ഭരണഘടന പ്രകാരം സ്വകാര്യതയ്ക്കുള്ള അവകാശം എന്‍റെ മൗലികാവകാശമാണെന്ന് ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു. ഞാൻ ഈ രാജ്യത്തെ ഒരു സാധാരണ പൗരനായതിനാൽ സായുധരായ പൊലീസിന്‍റെ സംരക്ഷണം ആവശ്യപ്പെടുകയോ ആഗ്രഹിക്കുകയോ ചെയ്തില്ല. ഈ ഉദ്യോഗസ്ഥരെ ദയാപൂർവ്വം പിൻവലിക്കാൻ അഭ്യർഥിക്കുന്നുവെന്നും മഹുവ മൊയ്‌ത്രയുടെ കത്തില്‍ പറയുന്നു.