ന്യൂഡല്‍ഹി :ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ (Mahua Moitra cash for query case in Lok Sabha) തൃണമൂല്‍ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയുടെ എംപി സ്ഥാനം തെറിച്ചു (Mahua Moitra dismissed from Lok Sabha). മഹുവയെ പുറത്താക്കണമെന്ന എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ചാണ് നടപടി.
മഹുവയെ പുറത്താക്കണമെന്ന എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട് ലോക്‌സഭയില്‍ സമർപ്പിച്ചതില്‍ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്ത് വന്നിരുന്നു. ഇതേ തുടർന്ന് രണ്ട് മണി വരെ ലോക്‌സഭ നിർത്തിവെച്ചിരുന്നു. എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ടിന് അനുകൂലമായ പ്രമേയം പാസായതോടെയാണ് മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയത് (Mahua Moitra Expelled From Lok Sabha).
നീണ്ട ചര്‍ച്ചക്കൊടുവില്‍ പാര്‍ലമെന്‍ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി തൃണമൂല്‍ അംഗത്തെ പുറത്താക്കാനുള്ള പ്രമേയം അവതരിപ്പിക്കുകയായിരുന്നു. അതേസമയം മഹുവയെ സംസാരിക്കാന്‍ അനുവദിക്കാതെയായിരുന്നു പ്രമേയം അവതരിപ്പിച്ചത്. പ്രഹ്ലാദ് ജോഷിയുടെ പ്രമേയത്തില്‍ ലോക്‌സഭ സ്‌പീക്കര്‍ ഓം ബിര്‍ല വോട്ടെടുപ്പ് ആരംഭിച്ചതോടെയാണ് പ്രതിഷേധം രേഖപ്പെടുത്തി പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്.
അതേസമയം, മഹുവ മൊയ്‌ത്രക്കെതിരായ എത്തിക്‌സ് പാനല്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ചര്‍ച്ച മാറ്റിവയ്‌ക്കണം എന്നാവശ്യപ്പെട്ട് ലോക്‌സഭ അംഗവും കോണ്‍ഗ്രസ് നേതാവുമായ അധീര്‍ രജ്ഞന്‍ ചൗധരി ഇന്ന് രാവിലെ സ്‌പീക്കര്‍ ഓം ബിര്‍ലക്ക് കത്തയച്ചിരുന്നു. വിഷയം അടിയന്തരവും പ്രധാനവുമാണെന്നും എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് 100ല്‍ അധികം പേജുകള്‍ ഉള്ളതിനാല്‍ സഭയിലെ അംഗങ്ങള്‍ക്ക് തയാറാകാന്‍ മതിയായ സമയം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു കത്ത്.
റിപ്പോര്‍ട്ട് പഠിക്കാനും സഭയില്‍ ചര്‍ച്ചക്ക് തയാറാകാനും അംഗങ്ങള്‍ക്ക് മൂന്നോ നാലോ ദിവസം വേണമെന്നായിരുന്നു അധീര്‍ രജ്ഞന്‍ ചൗധരിയുടെ പ്രധാന ആവശ്യം. എന്നാല്‍ റിപ്പോര്‍ട്ടിന്‍മേല്‍ സ്‌പീക്കര്‍ ചര്‍ച്ച ആരംഭിക്കുകയായിരുന്നു. വസ്ത്രാക്ഷേപം കഴിഞ്ഞു ഇനി മഹാഭാരത യുദ്ധം കാണാമെന്നായിരുന്നു മൊയ്ത്രയുടെ പ്രതികരണം.
Read More :'ഇത് ജനാധിപത്യത്തിന്‍റെ അന്ത്യം, എത്തിക്‌സ് കമ്മിറ്റി ഒരു 'കംഗാരു' കോടതി പോലെ': മഹുവ മൊയ്‌ത്ര
അദാനി ഗ്രൂപ്പിനെ ലക്ഷ്യമിട്ട് പാർലമെന്‍റില്‍ ചോദ്യം ഉന്നയിക്കാൻ ബിസിനസുകാരനായ ദർശൻ ഹിരാനന്ദാനിയില്‍ നിന്ന് കോഴ കൈപ്പറ്റിയെന്നായിരുന്നു ആരോപണം. മെഹുവയുടെ മുൻ സുഹൃത്തും അഭിഭാഷകനുമായ ജയ് ആനന്ദ്, ബിജെപി എംപി നിഷികാന്ത് ദുബെ എന്നിവരാണ് ആരോപണം ഉന്നയിച്ചത്. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നിഷികാന്ത് ദുബെ ലോക്‌സഭ സ്‌പീക്കര്‍ ഓം ബിര്‍ലക്ക് കത്തയച്ചിരുന്നു. മഹുവ മൊയ്‌ത്ര കൈക്കൂലി വാങ്ങി എന്നതിനുള്ള തെളിവുകള്‍ ജയ് അനന്ത് ദേഹാദ്രി തനിക്ക് നല്‍കി എന്നും ദുബെ അവകാശപ്പെട്ടു.