കേരളം

kerala

ETV Bharat / bharat

'പുറത്താക്കൽ അത്യന്തം ഗുരുതരമായ ശിക്ഷ'; മഹുവ മൊയ്‌ത്ര കേസിൽ സ്‌പീക്കർക്ക് കത്തെഴുതി അധിർ രഞ്ജൻ

Mahua Moitra cash-for-query case : വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയുടെ നിര്‍ദേശപ്രകാരം അദാനി ഗ്രൂപ്പിനെ ലക്ഷ്യമാക്കി ലോക്‌സഭയിൽ ചോദ്യങ്ങൾ ചോദിച്ചു എന്നാണ് മഹുവ മൊയ്‌ത്രക്കെതിരെ ഉയർന്ന ആരോപണം.

Mahua Moitra  മഹുവ മൊയ്‌ത്ര കേസിൽ സ്‌പീക്കർക്ക് കത്തെഴുതി  സ്‌പീക്കർക്ക് കത്തെഴുതി അധിർ രഞ്ജൻ  അധിർ രഞ്ജൻ ചൗധരി  മഹുവ മൊയ്ത്ര കോഴ ആരോപണം  മഹുവ മൊയ്ത്ര  മഹുവ മൊയ്ത്ര കേസ്  Expulsion extremely serious punishment  Mahua Moitra cash for query case  Mahua Moitra case  Adhir Ranjan writes to Lok Sabha Speaker  മഹുവ മൊയ്‌ത്ര കേസിൽ അധിർ രഞ്ജൻ
Mahua Moitra cash-for-query case

By ETV Bharat Kerala Team

Published : Dec 2, 2023, 7:24 PM IST

ന്യൂഡൽഹി:തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്‌ത്രയ്‌ക്ക് എതിരെയുള്ള ക്യാഷ് ഫോര്‍ ക്വയ്‌റി ആരോപണത്തില്‍ എത്തിക്‌സ് കമ്മിറ്റിക്കെതിരെ കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ അധിര്‍ രഞ്ജന്‍ ചൗധരി. മഹുവ മൊയ്‌ത്രയെ പുറത്താക്കാൻ ശുപാർശ ചെയ്‌ത ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ടിനെതിരെ അധിര്‍ രഞ്ജന്‍ ലോക്‌സഭാ സ്‌പീക്കര്‍ ഓം ബിർളയ്‌ക്ക് കത്തയച്ചു (Mahua Moitra cash-for-query case Adhir Ranjan writes to Lok Sabha Speaker).

അങ്ങേയറ്റം ഗുരുതരമായ ശിക്ഷയായിരിക്കും ഇതെന്നും വളരെ വ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും കോൺഗ്രസ് നേതാവ് കത്തിൽ പറയുന്നു. തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്രയ്‌ക്കെതിരായ 'ക്യാഷ് ഫോർ ക്വയ്‌റി' ആരോപണങ്ങൾ അന്വേഷിച്ച എത്തിക്‌സ് കമ്മിറ്റി ഡിസംബർ 4 ന് പാർലമെന്‍റ് ശീതകാല സമ്മേളനത്തിന്‍റെ ആദ്യ ദിവസം ലോക്‌സഭയിൽ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് കോൺഗ്രസ് നേതാവിന്‍റെ ഇടപെടൽ.

രേഖകൾ പ്രകാരം മഹുവയുടെ കേസിന് മുമ്പ്, ലോക്‌സഭയിലെ എത്തിക്‌സ് കമ്മിറ്റി വളരെ കുറച്ച് കേസുകൾ മാത്രമാണ് കൈകാര്യം ചെയ്‌തതെന്ന് ശനിയാഴ്‌ച പുറത്തിറക്കിയ കത്തിൽ അധിർ രഞ്ജൻ പറഞ്ഞു. മഹുവയ്‌ക്ക് എതിരായ നടപടി നിർദേശം, ശാസന, ഒരു നിശ്ചിത കാലയളവിലേക്ക് സഭയുടെ സിറ്റിങ്ങുകളിൽ നിന്ന് സസ്‌പെൻഡ് ചെയ്യൽ എന്നിവയിൽ ഒതുക്കിനിർത്താനും അദ്ദേഹം കത്തിൽ ശുപാർശ ചെയ്യുന്നു.

'മഹുവ മൊയ്‌ത്രയെ പാർലമെന്‍റിൽ നിന്ന് പുറത്താക്കാൻ ആവശ്യപ്പെടുന്ന എത്തിക്‌സ് കമ്മിറ്റിയുടെ ശുപാർശകളുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോർട്ടുകൾ ശരിയാണെങ്കിൽ, ഇത്തരത്തിലുള്ള ലോക്‌സഭ എത്തിക്‌സ് കമ്മിറ്റിയുടെ ആദ്യത്തെ ശുപാർശയായിരിക്കും അത്. പാർലമെന്‍റിൽ നിന്ന് പുറത്താക്കുക എന്നത് അങ്ങേയറ്റം ഗുരുതരമായ ശിക്ഷയാണ്, അത് വളരെ വ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും'- പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയർമാൻ കൂടിയായ അധിർ രഞ്ജൻ ചൗധരി പറഞ്ഞു.

തിങ്കളാഴ്‌ചയാണ് പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം ആരംഭിക്കുക. ഡിസംബർ 22 വരെ സമ്മേളനം തുടരും. ഡിസംബർ 4ന് എത്തിക്‌സ് കമ്മിറ്റി ചെയർപേഴ്‌സൺ വിനോദ് കുമാർ സോങ്കറും കമ്മിറ്റി അംഗം അപർജിത സാരംഗിയും ആദ്യ റിപ്പോർട്ട് (ഹിന്ദി, ഇംഗ്ലീഷ് പതിപ്പുകൾ) അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.

'ക്യാഷ് ഫോർ ക്വയ്‌റി' കേസുമായി ബന്ധപ്പെട്ട് കമ്മിറ്റി കഴിഞ്ഞ മാസം സ്‌പീക്കർ ഓം ബിർളയ്ക്ക് കരട് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മൊയ്‌ത്രയെ പുറത്താക്കാൻ സമിതി ശുപാർശ ചെയ്‌തതായി വൃത്തങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. 6:4 ഭൂരിപക്ഷത്തിലാണ് റിപ്പോർട്ട് അംഗീകരിച്ചത്.

നേരത്തെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട കോൺഗ്രസ് എംപി പ്രണീത് കൗർ ഉൾപ്പെടെ ആറ് അംഗങ്ങൾ റിപ്പോർട്ടിന് അനുകൂലമായി വോട്ട് ചെയ്‌തു. പ്രതിപക്ഷ പാർട്ടികളുടെ നാല് അംഗങ്ങൾ വിയോജനക്കുറിപ്പ് സമർപ്പിച്ചു.

അതേസമയം നീതി ലഭിക്കുമെന്ന പ്രതീക്ഷിക്കുന്നതായി കത്തിൽ വ്യക്തമാക്കിയ കോൺഗ്രസ് എംപി വിഷയത്തിൽ സ്‌പീക്കറുടെ ഇടപെടൽ തേടുകയാണെന്നും പറഞ്ഞു. 'നിങ്ങളുടെ നേതൃത്വത്തിന് കീഴിൽ ഒരു അനീതിയും സംഭവിക്കില്ലെന്നും പാർലമെന്‍റിന്‍റെ പ്രവർത്തനവും സഭയുടെ പ്രവർത്തനങ്ങളും സംബന്ധിച്ച നടപടിക്രമങ്ങൾ സഭയിലെ എല്ലാ അംഗങ്ങൾക്കും പ്രയോജനകരമാകുമെന്നും എനിക്ക് ഉറപ്പുണ്ട്'.

ആവശ്യമായ പരിഹാര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം സ്‌പീക്കറോട് അഭ്യർത്ഥിച്ചു. ലോക്‌സഭയുടെ ഔദ്യോഗിക പോർട്ടലിന്‍റെ പ്രവർത്തനവുമായി ബന്ധപ്പെട്ട മുഴുവൻ പ്രോട്ടോക്കോളുകളും പരിശോധിക്കുകയും അവലോകനം ചെയ്യുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടാതെ എത്തിക്‌സ് കമ്മറ്റി രഹസ്യസ്വഭാവം കാത്ത് സൂക്ഷിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. എത്തിക്‌സ് കമ്മറ്റി ചെയര്‍മാനും അംഗങ്ങളും നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് മാത്രമല്ല പക്ഷപാതപരമായി പെരുമാറിയെന്നും ചൗധരി കത്തില്‍ ചൂണ്ടിക്കാട്ടി. 'പാനൽ ചെയർമാൻ വിനോദ് സോങ്കറും ബിജെപി എംപി നിഷികാന്ത് ദുബെയും വിഷയം അന്വേഷിക്കുന്ന ഘട്ടത്തിൽ തങ്ങളുടെ കാഴ്‌ചപ്പാടുകളും വിധിന്യായങ്ങളും തുറന്ന് പറയുകയാണ്.

വളരെ ഗൗരവമേറിയതും സെൻസിറ്റീവുമായ ഒരു കാര്യം അന്വേഷിക്കുന്ന കമ്മിറ്റിയുടെ സിറ്റിങ്ങുകൾ കർശനമായും രഹസ്യാത്മകമാവേണ്ടതുണ്ട്. എന്നിട്ടും, എത്തിക്‌സ് കമ്മിറ്റിയുടെ ചെയർമാനും പരാതിക്കാരനും അന്വേഷണം നടക്കുന്നതിനിടെ തന്നെ അവരുടെ കാഴ്‌ചപ്പാടുകൾ തുറന്ന് പറയുകയും വിധി പറയുകയും ചെയ്യുകായാണ്.' കോൺഗ്രസ് നേതാവ് കത്തിൽ പറയുന്നു. മഹുവയുടെ പാര്‍ലമെന്‍റ് ഐഡി വിദേശത്ത് തുറന്നതിൽ എന്താണ് അച്ചടക്ക ലംഘനമെന്നും അധിര്‍ രഞ്ജന്‍ ചൗധരി കത്തിൽ ചോദിക്കുന്നു.

വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയുടെ നിര്‍ദേശപ്രകാരം അദാനി ഗ്രൂപ്പിനെ ലക്ഷ്യമാക്കി ലോക്‌സഭയിൽ ചോദ്യങ്ങൾ ചോദിച്ചു എന്നാണ് മഹുവ മൊയ്‌ത്രക്കെതിരായ ആരോപണം. ബിജെപി എംപി നിഷികാന്ത് ദുബെ ആണ് മഹുവയ്‌ക്കെതിരെ പരാതി നല്‍കിയത്. അതേസമയം വിഷയത്തില്‍ പ്രതിപക്ഷ എംപിമാര്‍ മഹുവ മൊയ്‌ത്ര എംപിക്ക് പിന്തുണയുമായെത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details