ന്യൂഡൽഹി : തൃണമൂൽ പാർലമെന്‍റ് അംഗം മഹുവ മൊയ്‌ത്രയുടെ (MP Mahua Moitra) ഐഫോൺ ഹാക്ക് ചെയ്യാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതായി ആരോപണം (Apple Notification For Mahua Moitra). തന്‍റെ ഫോണിൽ ലഭിച്ച ആപ്പിൾ കമ്പനിയില്‍ നിന്നുള്ള മുന്നറിയിപ്പ് സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ പങ്കുവെച്ച് സമൂഹ മാധ്യമങ്ങളിലൂടെയാണ് മഹുവ വെളിപ്പെടുത്തൽ നടത്തിയത്. എന്‍റെ ഫോണും ഇമെയിലും ഹാക്ക് ചെയ്യാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതായി ആപ്പിളിൽ നിന്ന് ടെക്‌സ്‌റ്റ് മെസേജും ഇമെയിലും ലഭിച്ചു.
അദാനിയുടേയും പിഎംഒയുടേയും ഭയം കാണുമ്പോൾ സഹതാപം തോന്നുന്നുവെന്നും ആഭ്യന്തര മന്ത്രിയുടെ ഓഫിസിനെ ടാഗ് ചെയ്‌ത് മഹുവ കുറിച്ചു. സ്‌റ്റേറ്റ് സ്‌പോൺസർ ചെയ്യുന്ന ആക്രമണകാരികൾ നിങ്ങളുടെ ഐഫോണിനെ ടാർഗെറ്റ് ചെയ്യുന്നതായി ഞങ്ങൾ കരുതുന്നു. നിങ്ങൾ ആരാണ്, നിങ്ങൾ എന്തെല്ലാം ചെയ്യുന്നു എന്നീ കാരണങ്ങളാൽ വ്യക്തിപരമായി താങ്കളെ ലക്ഷ്യം വെക്കാൻ സാധ്യതയുണ്ടെന്നും ആപ്പിൾ അയച്ചതായി മഹുവ പങ്കിട്ട സ്‌ക്രീൻഷോട്ടുകളിൽ പറയുന്നു.
നിങ്ങളുടെ ഉപകരണങ്ങൾ ഹാക്ക് ചെയ്യപ്പെട്ടാൽ, അവർക്ക് നിങ്ങളുടെ സെൻസിറ്റീവ് ഡാറ്റ, ആശയവിനിമയങ്ങൾ, ക്യാമറ, മൈക്രോഫോൺ എന്നിവപോലും വിദൂരമായി ആക്‌സസ് ചെയ്യാൻ കഴിഞ്ഞേക്കും. ഈ വിവരം തെറ്റായിരിക്കാനും സാധ്യതയുണ്ടെങ്കിലും, ഈ മുന്നറിയിപ്പ് ഗൗരവമായി എടുക്കുക എന്നും ആപ്പിളിന്‍റെ മുന്നറിയിപ്പ് സന്ദേശത്തിൽ ഉൾപ്പെടുത്തിയിരുന്നു. അതേസമയം, തന്നെ കൂടാതെ ശിവസേന പാർട്ടി നേതാവും രാജ്യസഭാംഗവുമായ പ്രിയങ്ക ചതുർവേദിക്കും 'ഇന്ത്യ' സഖ്യത്തിൽപ്പെട്ട മറ്റ് മൂന്ന് വ്യക്തികൾക്കും സമാനമായ സന്ദേശങ്ങൾ ലഭിച്ചതായി റിപ്പോർട്ടുണ്ടെന്ന് മഹുവ കൂട്ടിച്ചേർത്തു.