മുംബൈ:ബോളിവുഡ് താരം മഹിമ ചൗധരി അർബുദ ബാധിതയായിരുന്നു എന്ന കാര്യം വെളിപ്പെടുത്തി ബോളിവുഡ് താരം അനുപം ഖേർ. തന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മഹിമ തന്നെ തന്‍റെ രോഗത്തെക്കുറിച്ച് വിവരിക്കുന്ന വീഡിയോ പങ്കുവെച്ചത്. സ്‌തനാർബുദ ബാധിതയായിരുന്നുവെന്നും ഇപ്പോൾ രോഗത്തെ അതിജീവിച്ച് പൂർണ ആരോഗ്യവതിയായി തിരിച്ചെത്തിയെന്നും വീഡിയോയിൽ മഹിമ തന്നെ വ്യക്‌തമാക്കുന്നുണ്ട്.
അനുപം ഖേർ തന്‍റെ 'ദി സിഗ്നേച്ചർ' എന്ന ചിത്രത്തിൽ ഒരു വേഷം അഭിനയിക്കാൻ വിളിച്ചപ്പോഴാണ് കാൻസർ ബാധിതയാണെന്ന കാര്യം വെളിപ്പെടുത്തിയത്. മുടി ഇല്ലാത്തതിനാൽ വിഗ് വച്ച് അഭിനയിക്കാൻ കഴിയുമോ എന്ന് താരത്തോട് അഭ്യർഥിച്ചെന്നും മഹിമ വീഡിയോയിൽ പറയുന്നു. വെബ് സീരിസുകളും സിനിമകളും ചെയ്യാൻ തനിക്ക് കോളുകൾ വരുന്നുണ്ടെന്നും മുടിയില്ലാത്തതിനാൽ അതിന് കഴിയില്ലെന്നും മഹിമ പറഞ്ഞു.
മനോഹരമായ കുറിപ്പോടെയാണ് അനുപം ഖേർ മഹിമയുടെ വീഡിയോ പങ്കുവെച്ചത്. മഹിമ ചൗധരിയുടെ ധൈര്യത്തിന്‍റെയും കാൻസറിന്‍റെയും കഥ; എന്‍റെ 525-ാം ചിത്രമായ ദി സിഗ്‌നേച്ചറിൽ വളരെ പ്രധാനപ്പെട്ട വേഷം ചെയ്യുന്നതിനായി ഒരു മാസം മുൻപ് ഞാൻ മഹിമയെ വിളിച്ചിരുന്നു. അപ്പോഴാണ് അവർക്ക് സ്തനാർബുദമാണെന്ന കാര്യം അറിഞ്ഞത്.
അവളുടെ മനോഭാവം ലോകമെമ്പാടുമുള്ള നിരവധി സ്ത്രീകൾക്ക് പ്രതീക്ഷ നൽകും. അത് വെളിപ്പെടുത്തുന്നതിൽ ഞാൻ ഒരു ഭാഗമാകണമെന്ന് അവൾ ആഗ്രഹിച്ചു. അവൾ എന്നെ ഒരു നിത്യ ശുഭാപ്തിവിശ്വാസിയെന്നാണ് വിളിക്കുന്നത്, പ്രിയപ്പെട്ട മഹിമ! "നിങ്ങൾ എന്‍റെ ഹീറോയാണ്!" അവൾ പറക്കാൻ തയ്യാറാണ്. അനുപം ഖേർ കുറിച്ചു.
വീഡിയോ പങ്കുവച്ച ഉടൻ തന്നെ സിനിമ താരങ്ങളും ആരാധകരും താരം വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് കമന്‍റുകളുമായെത്തി. മഹിമ വീണ്ടും ബിഗ് സ്‌ക്രീനിൽ എത്തുന്നത് കാണാൻ കാത്തിരിക്കുകയാണെന്നും ആരാധകർ കമന്‍റ് ചെയ്‌തു. പർദേസ്, ദാഗ്, ധഡ്‌കൻ, ദിൽ ഹേ തുംഹാര, ലജ്ജ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് മഹിമ ബോളീവുഡിൽ ശ്രദ്ധിക്കപ്പെട്ടത്.