സ്വാതന്ത്ര്യത്തിന്‍റെ പ്രാണവായു നമുക്ക് നൽകാൻ സ്വന്തം പ്രാണവായു കാപാലികർക്ക് വിട്ടുകൊടുത്ത മഹാത്മാവ്... രാജ്യം ഇന്ന് മഹാത്മാഗാന്ധിയുടെ 73-ാം രക്തസാക്ഷി ദിനം ആചരിക്കുന്നു. ഡല്‍ഹിയിലെ ബിര്‍ല ഹൗസില്‍ ഒരു സായാഹ്ന പ്രാര്‍ഥനയില്‍ പങ്കെടുക്കുന്നതിനിടയില്‍ മതഭ്രാന്തനായ നാഥുറാം വിനായക് ഗോഡ്‌സെയുടെ കരങ്ങളാല്‍ 1948ല്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി കൊല്ലപ്പെടുകയായിരുന്നു. 1934 മുതല്‍ അഞ്ച് തവണയാണ് ഗാന്ധിയുടെ ജീവന് നേരെ ആക്രമണം ഉണ്ടായത്. ജനുവരി 31ന് ഗാന്ധിയുടെ ഭൗതിക ശരീരം രാജ്ഘട്ടിൽ സംസ്‌കരിച്ചു. രാജ്യം മുഴുവൻ മഹാത്മാവിന്‍റെ മരണത്തിൽ അനുശോചിച്ചു. തുടര്‍ന്ന് നാഥുറാമിനേയും കൂട്ടാളികളേയും അറസ്റ്റ് ചെയ്‌ത് വിചാരണ ചെയ്‌തു. 1949 നവംബർ 15ന് നാഥുറാം ഗോഡ്‌സെയെയും കുറ്റവാളികളെയും തൂക്കിലേറ്റി.
ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും സത്യം, അഹിംസ എന്നീ മൂല്യങ്ങളിൽ അടിയുറച്ച് പ്രവർത്തിക്കുവാനും ജീവിതചര്യയാക്കി മാറ്റുന്നതിനും മഹാത്മാഗാന്ധി ശ്രദ്ധിച്ചു 'നമ്മുടെ ജീവിതങ്ങളില്‍ നിന്നും വെളിച്ചം മാഞ്ഞുപോയി. രാജ്യം മുഴുവന്‍ അന്ധകാരമാണ്' എന്നാണ് ഗാന്ധിയുടെ മരണശേഷം ബിര്‍ല ഹൗസിന്‍റെ ഒരു ഗേറ്റിന് മുകളില്‍ കയറി നിന്ന് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ലോകത്തോട് പറഞ്ഞത്. രാഷ്ട്രപിതാവ് എന്ന് ഗാന്ധിയെ ആദ്യമായി വിളിച്ചത് നേതാജി സുഭാഷ് ചന്ദ്ര ബോസായിരുന്നു. ഇന്ത്യക്ക് യഥാർഥമായി സ്വാതന്ത്ര്യം കിട്ടണമെങ്കിൽ ഇന്ത്യ ജീവിക്കേണ്ടത് നഗരങ്ങളിലല്ല ഗ്രാമങ്ങളിലാണ്... കൊട്ടാരങ്ങളിലല്ല കുടിലുകളിലാണ്... എന്ന് ഗാന്ധി വിശ്വസിച്ചിരുന്നു. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെയാണ് ലോകമെമ്പാടും ഗാന്ധി ശ്രദ്ധേയനായത്. മഹത്തായ ആത്മാവ് എന്നർത്ഥം വരുന്ന മഹാത്മാ, അച്ഛൻ എന്നർത്ഥം വരുന്ന ബാപ്പു എന്നീ നാമവിശേഷണങ്ങൾ ജനഹൃദയങ്ങളിൽ അദ്ദേഹത്തിനുള്ള സാന്നിധ്യം വ്യക്തമാക്കുന്നു. കേവലമൊരു രാഷ്ട്രീയ നേതാവ് എന്നതിനേക്കാൾ ദാർശനികനായും ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നു. ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും സത്യം, അഹിംസ എന്നീ മൂല്യങ്ങളിൽ അടിയുറച്ച് പ്രവർത്തിക്കുവാനും ജീവിതചര്യയാക്കി മാറ്റുന്നതിനും മഹാത്മാഗാന്ധി ശ്രദ്ധിച്ചു. എല്ലാ വിധത്തിലും സ്വയാശ്രയത്വം പുലർത്തുകയും ഒരു ആശ്രമം സ്ഥാപിച്ച് അവിടെ ലളിത ജീവിതം നയിച്ച് അദ്ദേഹം പൊതുപ്രവർത്തകർക്ക് മാതൃകയായി. സ്വയം നൂൽനൂറ്റുണ്ടാക്കിയ വസ്ത്രം ധരിച്ചു, സസ്യാഹാരം മാത്രം ഭക്ഷിച്ചു, ഉപവാസം അഥവാ നിരാഹാരം ആത്മശുദ്ധീകരണത്തിനും പ്രതിഷേധത്തിനുമുള്ള ഉപാധിയാക്കി ആ മഹാത്മാവ് മാറ്റി.
1934 മുതല്‍ അഞ്ച് തവണയാണ് ഗാന്ധിയുടെ ജീവന് നേരെ ആക്രമണം ഉണ്ടായത് ഗാന്ധിജിയുടെ ദർശനങ്ങൾ ആഗോള തലത്തിൽ ഒട്ടേറെ പൗരാവകാശ പ്രവർത്തകരെ സ്വാധീനിച്ചു. മാർട്ടിൻ ലൂഥർ കിംഗ്, സ്റ്റീവ് ബികോ, നെൽസൺ മണ്ടേല, ഓങ് സാൻ സൂ ചി എന്നിവർ ഗാന്ധിയൻ ആശയങ്ങൾ സ്വാംശീകരിച്ചവരിൽ ഉള്‍പെടുന്നു. ഭാരതീയർ മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി ആദരിക്കുന്നു. രാജ്ഘട്ടിലെ ലളിതമായ കറുത്ത കരിങ്കൽപീഠം ആകാശത്തെ സാക്ഷിയായി മഹാത്മാവിന്‍റെ ഓർമക്കായി നിലകൊള്ളുന്നു. ഒരറ്റത്ത് ഒരു കെടാവിളക്കും ഉണ്ട്. വിദേശരാജ്യ പ്രതിനിധികൾ ഇന്ത്യ സന്ദർശിക്കുമ്പോൾ രാജ്ഘട്ടിലെത്തി പുഷ്പാഞ്ജലി നടത്താറുണ്ട്. ഇത് ഒരു ചടങ്ങിനേക്കാൾ കടമയായാണ് പലരും കരുതുന്നത്. അദ്ദേഹത്തിന്‍റെ ജന്മദിനമായ ഒക്ടോബർ 2 ഗാന്ധിജയന്തി എന്ന പേരിൽ ദേശീയ അവധി നൽകി ആചരിക്കുന്നു. അഹിംസാധിഷ്ഠിത സത്യാഗ്രഹം എന്ന ഗാന്ധിയൻ ആശയത്തോടുള്ള ബഹുമാനാർത്ഥം ഐക്യരാഷ്ട്രസഭ അന്നേ ദിവസം അന്താരാഷ്ട്ര അഹിംസാ ദിനമായും 2007 മുതൽ പ്രഖ്യാപിചിട്ടുണ്ട്.
മഹാത്മാഗാന്ധിയുടെ ആത്മകഥയാണ് എന്‍റെ സത്യാന്വേഷണപരീക്ഷണങ്ങൾ. ഇന്നും ഏറ്റവുമധികം വിൽക്കപ്പെടുന്ന പുസ്‌തകങ്ങളുടെ പട്ടികയിൽ പ്രഥമ സ്ഥാനത്തുള്ള ഗ്രന്ഥമാണിത്. ഇന്ത്യയിലാകെ പ്രതിവർഷം രണ്ട് ലക്ഷത്തിലധികം പ്രതികൾ വിറ്റഴിക്കപ്പെടുന്ന ഈ പുസ്‌തകത്തിന്‍റെ കോപ്പികളിൽ പകുതിയോളം കേരളത്തിലാണ് വിൽക്കപ്പെടുന്നത്. 1927ൽ ഗുജറാത്തി ഭാഷയിലാണ് ഈ പുസ്‌തകത്തിന്‍റെ ആദ്യ പതിപ്പ് പുറത്തിറങ്ങുന്നത്. അസമീസ്, ഇംഗ്ലീഷ്, ഹിന്ദി, ഒറിയ, തമിഴ്, തെലുങ്ക്, കന്നട, ഉർദു, മലയാളം, പഞ്ചാബി തുടങ്ങിയ ഭാഷകളിലും ഗാന്ധിജിയുടെ ആത്മകഥ ലഭ്യമാണ്. രാഷ്ട്രപതി റാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മഹാത്മാവിന്‍റെ രക്തസാക്ഷിത്വ ദിനത്തില്‍ അനുസ്‌മരണ കുറിപ്പ് പങ്കുവെച്ചു. ഗാന്ധിജി പകര്‍ന്ന് നല്‍കിയ സമാധാനം, അഹിംസ, ലാളിത്യം, മാർഗങ്ങളുടെ വിശുദ്ധി, വിനയം എന്നീ ആശയങ്ങൾ നമുക്കും പാലിക്കാമെന്നും, അദ്ദേഹം പകര്‍ന്ന് നല്‍കിയ സത്യത്തിന്‍റെയും സ്നേഹത്തിന്‍റെയും പാത പിന്തുടരാൻ നമുക്ക് ഉറച്ച തീരുമാനമെടുക്കാമെന്നും റാം നാഥ് കോവിന്ദ് കുറിച്ചു. മഹാനായ ബാപ്പുവിന്‍റെ ആശയങ്ങള്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമാണെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും ഓരോ ഇന്ത്യക്കാരന്‍റെയും ക്ഷേമത്തിനും വേണ്ടി സ്വയം അർപ്പിച്ച ബാപ്പുവിന്‍റെ ത്യാഗങ്ങള്‍ ഈ ദിവസം വീണ്ടും ഓര്‍മിക്കുന്നുവെന്നും പ്രധാന മന്ത്രി കുറിച്ചു. പ്രധാന മന്ത്രി, രാഷ്ട്രപതി, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ലോക്‌സഭ സ്‌പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ മഹാത്മയുടെ സ്മൃതി മണ്ഡപമുള്ള രാജ്‌ഘട്ടിലെത്തി പുഷ്‌പാര്‍ച്ചന നടത്തി.
'ഗാന്ധിജി ഇന്ത്യയിലെ നിരാലംബരായ കോടിക്കണക്കിന് ജനങ്ങളുടെ പടിവാതിൽക്കൽ വന്ന് നിന്ന് അവരിലൊരാളായി അവരുടെ ഭാഷയിൽ അവർക്ക് വേണ്ടി സംസാരിച്ചു. മറ്റാർക്കാണ് അത്രയും ജനങ്ങളെ സ്വന്തം ശരീരവും രക്തവുമായി കണക്കാക്കാൻ പറ്റിയത്.... സത്യം സത്യത്തെ ഉണർത്തി...' -രബീന്ദ്രനാഥ ടാഗോർ