ഔറംഗാബാദ്: ഡ്രൈവറുടെ അശ്ലീല സംസാരം സഹിക്കവയ്യാതെ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് ചാടിയ വിദ്യാര്‍ഥിനിയ്‌ക്ക് തലയ്ക്ക് ഗുരുതര പരിക്ക്. മഹാരാഷ്‌ട്രയിലെ ഔറംഗാബാദിനടുത്തുള്ള ക്രാന്തി ചൗക്കിലുണ്ടായ സംഭവത്തില്‍ മുംബൈ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ സയ്യിദ് അക്ബർ പൊലീസിന്‍റെ പിടിയിലായി. നവംബര്‍ 13നുണ്ടായ സംഭവത്തില്‍ 18 കാരി ആശുപത്രിയില്‍ ചികിത്സയിലാണ്.
ഡ്രൈവര്‍ അശ്ലീലമായി സംസാരിച്ച് അപമാനിച്ചു; ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ നിന്നും ചാടി 18കാരി, ഗുരുതര പരിക്ക് - മുംബൈയില്‍ ഓട്ടോയില്‍ നിന്നും ചാടി 18 കാരി
നീറ്റ് കോച്ചിങ് ക്ലാസ് കഴിഞ്ഞ് ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് മടങ്ങവെയാണ് ഡ്രൈവറുടെ അശ്ലീല സംസാരം സഹിക്കവയ്യാതെ വിദ്യാര്‍ഥിനി വാഹനത്തില്‍ നിന്നും ചാടിയത്
നീറ്റ് (National Eligibility cum Entrance Test) കോച്ചിങ് ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് സംഭവം. സാധാരണഗതിയില്‍ അച്ഛനോ അല്ലെങ്കില്‍ സഹോദരനോ ആയിരുന്നു പെണ്‍കുട്ടിയെ കോച്ചിങ് കഴിഞ്ഞ ശേഷം വീട്ടിലേക്ക് കൊണ്ടുപോയിരുന്നത്. എന്നാല്‍, ഇവര്‍ക്ക് വരാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണ് യുവതി ഓട്ടോയില്‍ കയറിയത്.
വിദ്യാര്‍ഥിനിയുടെ മൊഴിയനുസരിച്ച്, വാഹനം ഓടിക്കൊണ്ടിരിക്കെ സയ്യിദ് അക്ബർ അശ്ലീലമായി സംസാരം തുടങ്ങി. തുടര്‍ന്ന്, വാഹനത്തിന്‍റെ വേഗത കൂട്ടിയതോടെ പേടിച്ച യുവതി ഓട്ടോ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ ഇതിന് തയ്യാറായില്ല. ഇതോടെയാണ് 18കാരി വാഹനത്തില്‍ നിന്നും പുറത്തേക്ക് ചാടിയതെന്ന് ക്രാന്തി ചൗക്ക് പൊലീസ് ഇൻസ്‌പെക്‌ടര്‍ ഗൺപത് ദാരാഡെ പറഞ്ഞു. സംഭവത്തില്‍, ഇയാളുടെ വാഹനവും കസ്റ്റഡിയിലെടുത്തു. മൂന്ന് പെൺകുട്ടികളുടെ പിതാവാണ് പ്രതി സയ്യിദ് അക്ബർ.