താനെ:ശ്രദ്ധ വാക്കര്‍ വധത്തിന് സമാനമായി മഹാരാഷ്‌ട്രയില്‍ 32കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയുടെ മൊഴി പുറത്ത്. താന്‍ എച്ച്‌ഐവി ബാധിതനാണെന്നും കൊല്ലപ്പെട്ട സരസ്വതി വൈദ്യയുമായി നേരത്തേ ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടിട്ടില്ലെന്നും പ്രതി മനോജ് സാനെ (56) അവകാശപ്പെട്ടു. പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
എച്ച്‌ഐവി ബാധിതനായതിനെ തുടര്‍ന്ന് 2008 മുതൽ മരുന്ന് കഴിക്കുന്നുണ്ട്. പ്രതി സത്യമാണോ കള്ളമാണോ പറയുന്നതെന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമാവുകയുള്ളുവെന്നും പൊലീസ് പറഞ്ഞു. കുറ്റകൃത്യം ചെയ്യുന്നതിന് മുന്‍പ് താന്‍ ഗൂഗിൾ സെർച്ച് ചെയ്‌തിരുന്നെന്നും ഇയാള്‍ മൊഴി നല്‍കി. 'മെയ് 29 മുതൽ മനോജ് ജോലിക്ക് പോയിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. മൃതദേഹം എങ്ങനെ സംസ്‌കരിക്കാം, ദുർഗന്ധം വരാതിരിക്കാന്‍ വേണ്ടി എന്തെല്ലാം ചെയ്യാം എന്നെല്ലാം പ്രതി ഗൂഗിളിൽ തെരഞ്ഞു. അതനുസരിച്ചാണ് കാര്യങ്ങള്‍ മനസിലാക്കിയത്.' - ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ജയന്ത് ബജ്ബലെ പറഞ്ഞു.
'മൃതദേഹം പാത്രങ്ങളിലും ബക്കറ്റുകളിലും സൂക്ഷിച്ചു':'യുവതിയുടെ മൃതദേഹം കഷണങ്ങളാക്കി ഒരു പ്രഷർ കുക്കറിൽ തിളപ്പിച്ച് പിന്നീട് പാത്രങ്ങളിലും ബക്കറ്റുകളിലുമായി സൂക്ഷിച്ചു. സരസ്വതിയെ കൊലപ്പെടുത്തിയ ശേഷം മനോജ് തന്‍റെ മൊബൈല്‍ ഫോണിലെ ക്യാമറ ഉപയോഗിച്ച് മൃതദേഹത്തിന്‍റെ ചിത്രങ്ങൾ പകർത്തി. ഔറംഗബാദിൽ നിന്ന് ജോലി തേടിയാണ് സരസ്വതി മുംബൈയിലെത്തിയത്. ഇതിന് ശേഷമാണ് മനോജും സരസ്വതിയും ആദ്യമായി കണ്ടുമുട്ടിയത്. രണ്ട് വർഷമായി ഇരുവരും ബോറിവാലിയിലെ ഒരു ഫ്ലാറ്റിൽ ഒരുമിച്ചായിരുന്നു താമസം.' - ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ മാധ്യമങ്ങളോട് വ്യക്തമാക്കി.