മുംബൈ: മഹാരാഷ്‌ട്രയിലെ ആദിവാസി മേഖലകളിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 15,000ലധികം ശൈശവ വിവാഹങ്ങൾ നടന്നതായുള്ള ഞെട്ടിക്കുന്ന കണക്ക് പുറത്ത്. ഹൈക്കോടതിയുടെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നത്. മൂന്ന് വർഷത്തിനിടെ പോഷകാഹാരക്കുറവ് മൂലമുള്ള 6,582 മരണങ്ങൾ നടന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മെൽഗാട്ടിലും മറ്റ് ആദിവാസി പ്രദേശങ്ങളിലും കുട്ടികൾക്കിടയിൽ പോഷകാഹാരക്കുറവ് മൂലമുള്ള മരണങ്ങൾ വർധിക്കുന്നതായി ബോംബൈ ഹൈക്കോടതിയിൽ ഡോ. രാജേന്ദ്ര ബർമ, സാമൂഹിക പ്രവർത്തകൻ ബന്ദു സാനി തുടങ്ങിയവർ ചേർന്ന് പൊതുതാൽപര്യ ഹർജി സമർപ്പിച്ചിരുന്നു. മറുപടിയായി പോഷകാഹാരക്കുറവുകൊണ്ടുള്ള മരണങ്ങൾ വർധിക്കാൻ കാരണം ശൈശവ വിവാഹമാണെന്ന് സർക്കാർ അറിയിച്ചു.
തുടർന്ന് കോടതി രൂപീകരിച്ച മൂന്നംഗ സമിതി സംസ്ഥാനത്തെ 16 ആദിവാസി ജില്ലകൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. മുന്ന് വർഷത്തിനിടെ 15,000ലധികം ശൈശവ വിവാഹങ്ങളാണ് സംസ്ഥാനത്ത് നടന്നതെന്നും ഇതിൽ വെറും 10 ശതമാനം (1,541) വിവാഹങ്ങൾ തടയാൻ മാത്രമേ സർക്കാരിന് ആയിട്ടുള്ളു എന്നും സംഘം കണ്ടെത്തി.