മുംബൈ: മഹാരാഷ്‌ട്രയിലെ കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയിൽ കൊങ്കൺ, മുംബൈ, കോലാപ്പൂർ, സാംഗ്‌ളി, സതാര എന്നിവിടങ്ങളിൽ 65 പേർ മരിച്ചു.
റായ്‌ഗഡ് ജില്ലയിലെ തലായ് ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലിൽ 38 പേർ മരിക്കുകയും പോളദ്‌പൂരിലെ മണ്ണിടിച്ചിലിൽ 11 പേർ മരിക്കുകയും ചെയ്‌തു. സതാരയിൽ കനത്ത മഴയുമായി ബന്ധപ്പെട്ട വിവിധ അപകടങ്ങളിൽ 12 പേരാണ് മരിച്ചത്. മുംബൈയിലെ ഗോവണ്ടിയിൽ വീട് തകർന്നുവീണ് നാല് പേരും മരിച്ചു.
സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
റായ്‌ഗഡിലെ മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രാഷ്‌ട്രപതി അനുശോചനം അറിയിച്ചു. ദുരന്തത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ ദുഃഖം രേഖപ്പെടുത്തുകയും കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പ് നൽകുകയും ചെയ്തു.
കനത്ത മഴയെത്തുടർന്ന് രക്ഷാപ്രവർത്തനത്തിൽ ബുദ്ധിമുട്ടുകൾ നേരിടുന്നതായി മുഖ്യമന്ത്രി
മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സംസ്ഥാനത്തെ സ്ഥിതിഗതികൾ അവലോകനം ചെയ്യുകയും ഭരണകൂടത്തിന് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു. കനത്ത മഴയെത്തുടർന്ന് രക്ഷാപ്രവർത്തനത്തിന് ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കനത്ത മഴ ഒരു ദിവസത്തേക്ക് കൂടി തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായവും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
റായ്‌ഗഡിൽ മരിച്ചത് 49 പേർ