മുംബൈ :'എപ്പോഴും ഞാന്‍ എന്‍സിപിയോട് ചേര്‍ന്നുനില്‍ക്കും. ഞാന്‍ ബിജെപിയില്‍ ചേരുമെന്ന വാര്‍ത്ത അസംബന്ധമാണ്. എന്തുതന്നെ സംഭവിച്ചാലും പാര്‍ട്ടി വിടില്ല' - ബിജെപിയില്‍ ചേക്കേറുമെന്ന അഭ്യൂഹങ്ങളോട്, ഇക്കഴിഞ്ഞ ഏപ്രില്‍ 18ന് എന്‍സിപി നേതാവ് അജിത് പവാര്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ഈ പ്രതികരണം സത്യസന്ധമെന്ന് വിശ്വസിച്ച അണികളേയും ജനങ്ങളേയും പാടെ അമ്പരപ്പിച്ചാണ് പുതിയ നാടകത്തിന്‍റെ തിരശ്ശീല അജിത് പവാര്‍ ഇന്ന് ഉയര്‍ത്തിയത്.
2019ല്‍ മറുകണ്ടം ചാടി എന്‍സിപിയെ പ്രതിസന്ധിയിലാക്കിയ അജിത്തിന്‍റെ, സമാന നാടകീയ രാഷ്‌ട്രീയ നീക്കത്തിനാണ് രാജ്യം ഇന്ന് സാക്ഷ്യംവഹിച്ചത്. 29 എംഎൽഎമാരെ ഒപ്പം കൂട്ടി എന്‍ഡിഎയില്‍ ചേര്‍ന്ന്, ഉപമുഖ്യമന്ത്രി പദവും സ്വന്തമാക്കിയാണ് എന്‍സിപിയെ പിളര്‍ത്തിയത്. പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞ അജിത്, ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിനൊപ്പമാണ് രാജ്ഭവനിലെത്തിയത്. തുടര്‍ന്ന്, പൊടുന്നനെയുള്ള അധികാരമേല്‍ക്കല്‍.
READ MORE |'മഹാ'നാടകം ; എന്‍സിപി പിളര്‍ന്നു, അജിത് പവാര്‍ ഉപമുഖ്യമന്ത്രി
2019 നവംബർ 23നാണ്, പാർട്ടിയെ തന്ത്രപരമായി കബളിപ്പിച്ച് ബിജെപിക്കൊപ്പം കൈകോര്‍ത്ത് അജിത് മഹാരാഷ്‌ട്രയുടെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തത്. അന്നും ഇന്നത്തേതിന് സമാനമായി മഹാരാഷ്‌ട്രയിലെ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെയായിരുന്നു ഈ 'ചരടുവലി' ആസൂത്രണം ചെയ്‌തത്. പക്ഷേ, കുറഞ്ഞ നേരംകൊണ്ട് ഉപമുഖ്യമന്ത്രി പദത്തില്‍ എത്തിയതുപോലെ തന്നെ ഇറങ്ങേണ്ടിയും വന്നു. 80 മണിക്കൂറിൽ താഴെ മാത്രമേ ആ പദവിയിൽ അജിത്തിന് ഇരിക്കാന്‍ കഴിഞ്ഞുള്ളൂ.
തുടര്‍ന്ന്, അജിത് സ്വന്തം തട്ടകത്തിലേക്ക് തന്നെ തിരിച്ചെത്തിയതിന് പിന്നില്‍ അമ്മാവന്‍ കൂടിയായ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്‍റെ നീക്കമാണെന്ന വാര്‍ത്ത അന്ന് ഉയര്‍ന്നുകേട്ടിരുന്നു. ശേഷം, ശരദ് പവാറിന്‍റെ ഇച്ഛാശക്തിയില്‍ ശിവസേന, കോണ്‍ഗ്രസ് എന്നിങ്ങനെയുള്ള പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന മഹാവികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരിച്ചു. തുടര്‍ന്ന്, 2019 ഡിസംബർ 30ന്, ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തതും രാജ്യം കൗതുകത്തോടെ വീക്ഷിച്ചു.
തനിക്ക് പങ്കില്ലെന്ന് പവാര്‍, 'പക്ഷേ..!':പിളര്‍പ്പിനെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നാണ് ശരദ് പവാറിന്‍റെ പ്രതികരണം. എന്നാല്‍, 'മഹാരാഷ്‌ട്രീയം' കലങ്ങിമറിഞ്ഞ സാഹചര്യത്തില്‍, അദ്ദേഹത്തിന്‍റെ ഈ വാക്കുകള്‍ പൂര്‍ണമായും മുഖവിലയ്‌ക്കെടുക്കാത്ത മട്ടിലാണ് രാഷ്‌ട്രീയ നിരീക്ഷകര്‍. 2019ലെ കരുനീക്കം ശരദ് പവാറിന്‍റെ അറിവോടെയായിരുന്നെന്ന് പില്‍ക്കാലത്ത് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ആരോപിച്ചിരുന്നു. എന്നാല്‍, എന്‍സിപി ഇത് നിഷേധിച്ചിരുന്നെങ്കിലും പല 'ദുസൂചനകള്‍' കണക്കിലെടുത്താണ് രാഷ്‌ട്രീയ നിരീക്ഷകര്‍ പവാറിനെ പൂര്‍ണാര്‍ഥത്തില്‍ വിശ്വാസത്തിലെടുക്കാത്തത്.
'അനൈക്യം' ഐക്യത്തിനായുള്ള പവാറിന്‍റെ വിളിക്ക് പിന്നാലെ:വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള, പ്രതിപക്ഷ പാർട്ടികളുടെ അടുത്ത യോഗം ജൂലൈ 13 - 14 തിയതികളിൽ നടക്കുമെന്ന് ശരദ് പവാർ ജൂണ്‍ 29നാണ് അറിയിച്ചത്. ദേശീയ തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിനായി ശ്രമം നടത്തവെയാണ് സ്വന്തം തട്ടകത്തിലെ 'അനൈക്യം' പവാറിന് പ്രഹരമായത്. ബെംഗളൂരുവിലാണ് ഈ യോഗം നടക്കുകയെന്നും അദ്ദേഹം അറിയിച്ചിരുന്നു.
17 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ ജൂൺ 23ന് പട്‌നയിൽ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ വസതിയിൽ ആദ്യയോഗം ചേർന്നതിന് പിന്നാലെയാണ് ശരദ് പവാര്‍ രണ്ടാമത്തെ യോഗത്തിനായി കോപ്പുകൂട്ടിയിരുന്നത്. മഹാരാഷ്‌ട്ര പ്രതിപക്ഷ നേതാവുകൂടിയായിരുന്ന അജിത് പവാറിന്‍റെ കൂടുമാറ്റം, ദേശീയ ഐക്യ വിഷയത്തെയടക്കം എങ്ങനെ ബാധിക്കുമെന്നത് കണ്ടറിയേണ്ടതുണ്ട്.