ന്യൂഡല്‍ഹി : മഹാരാഷ്‌ട്രയില്‍ രാഷ്‌ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ, ഉദ്ധവ് താക്കറെയ്‌ക്കുള്ള പിന്തുണ ആവര്‍ത്തിച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. മഹാവികാസ് അഘാഡി സർക്കാരിനുള്ള പിന്തുണ തുടരുമെന്ന് ശരദ് പവാര്‍ പറഞ്ഞു. ശിവസേനയുടെ വിമത എംഎല്‍എമാരെ മുംബൈയില്‍ തിരികെയെത്തിക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും എന്‍സിപി അധ്യക്ഷന്‍ വ്യക്തമാക്കി.
'ഉദ്ധവ് താക്കറെയ്ക്ക് ഞങ്ങളുടെ പൂർണ പിന്തുണയുണ്ട്. ശിവസേന എംഎൽഎമാരിൽ ചിലർ അസമിലേക്ക് പോയിട്ടുണ്ട്, അവർ തിരിച്ചെത്തുമ്പോൾ കൂടിക്കാഴ്‌ച നടത്തും. ഉദ്ധവ് താക്കറെയ്ക്ക് മഹാവികാസ് അഘാഡി സർക്കാരിനെ തുടര്‍ന്നും നയിക്കാൻ കഴിയുമെന്ന് അതിന് ശേഷം വ്യക്തമാകും' - ശരദ് പവാര്‍ പറഞ്ഞു.
ഗുവാഹത്തിയില്‍ എന്തിന് കഴിയുന്നു? : മതിയായ അംഗസംഖ്യയുണ്ടെങ്കില്‍ എന്തുകൊണ്ട് വിമത എംഎല്‍എമാര്‍ മടങ്ങിവരുന്നില്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ചോദിച്ചു. 'അവര്‍ക്ക് (വിമത എംഎല്‍എമാര്‍) മതിയായ അംഗസംഖ്യയുണ്ടെങ്കില്‍ മുംബൈയിൽ വരണം. ആവശ്യമായ പിന്തുണ്ടയുണ്ടെങ്കില്‍ അവർ എന്തിനാണ് ഗുവാഹത്തിയിൽ കഴിയുന്നത്' - ശരദ് പവാര്‍ ചോദിച്ചു.
വിമതരെ മുംബൈയിലെത്തിക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും ശരദ് പവാര്‍ വ്യക്തമാക്കി. 'വിമത എംഎൽഎമാർ മുംബൈയിൽ തിരിച്ചെത്തിയ ശേഷം നിലപാട് മാറ്റും. എംഎൽഎമാരെ മുംബൈയിലേക്ക് തിരികെ കൊണ്ടുവരാനുള്ള നടപടികൾ ഉടൻ ആരംഭിക്കും, ഇക്കാര്യത്തിൽ ശിവസേന ആവശ്യമായ നടപടി സ്വീകരിക്കും' - ശരദ് പവാര്‍ പറഞ്ഞു.