2019 ഒക്‌ടോബർ 24, താമരയിൽ വിരിഞ്ഞ തന്ത്രങ്ങള്‍ക്ക് അണുവിട പിഴയ്ക്കാത്ത ദിവസം. കോണ്‍ഗ്രസ് എൻസിപി സഖ്യത്തെ തകർത്ത് എൻഡിഎ മഹാരാഷ്ട്ര പിടിച്ചെടുക്കുന്നു. 288 അംഗ നിയമസഭയിൽ 162 സീറ്റുകള്‍ സ്വന്തമാക്കിയായിരുന്നു വിജയം. 105 സീറ്റുകൾ നേടിയ ബിജെപി മുന്നണിയിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി.
54 സീറ്റുകള്‍ സ്വന്തമാക്കിയ ശിവസേനയും ബിജെപിയും ചേർന്ന് മാറാത്ത ഭരണത്തിലേറുമെന്നതിൽ ആർക്കും തർക്കമുണ്ടായിരുന്നില്ല. പക്ഷേ രണ്ടര വർഷം ഭരണം എന്ന ആവശ്യം ശിവസേന ഉയർത്തിയതോടെ കാര്യങ്ങള്‍ മാറിത്തുടങ്ങി. അധികാരം വിട്ടുതരില്ലെന്ന് ഫഡ്‌നാവിസും നിലപാടിൽ മാറ്റമില്ലാതെ സേനയും തുടർന്നതോടെ മഹാരാഷ്ട്രീയത്തിൽ പ്രതിസന്ധികള്‍ ഉടലെടുത്ത് തുടങ്ങുകയായിരുന്നു.
എന്നാൽ ബിജെപി ക്യാമ്പുകളിൽ രാഷ്ട്രീയ തന്ത്രജ്ഞർ ഒത്തുകൂടിയതോടെ മഹാരാഷ്‌ട്രയിലെ പ്രഭാതം കേട്ടത് മറ്റൊരു വാർത്തയായിരുന്നു. എൻസിപി വിട്ട് അജിത് പവാറും ഒരുസംഘം എംഎൽഎമാരും ബിജെപി പാളയത്തിലെത്തിയിരിക്കുന്നു. വെല്ലുവിളികളെ തകർത്ത് മഹാരാഷ്‌ട്രയുടെ അധികാര കസേര ബിജെപി കീഴടക്കി.
എന്നാൽ മറുവശത്ത് ശരദ് പവാർ എന്ന രാഷ്‌ട്രീയ ചാണക്യൻ കരുക്കള്‍ നീക്കിയതോടെ ബിജെപി സ്വപ്‌നങ്ങള്‍ തകർന്നടിഞ്ഞു. ആദ്യം വിമതരും, പിന്നാലെ അജിത് പവാറും എൻസിപി കൂടാരത്തിലേക്ക് മടങ്ങിയെത്തിയതോടെ ഫഡ്‌നാവിസ് സർക്കാർ വീണു.
അഘാഡിയുടെ പിറവി : സർക്കാർ രൂപീകരിക്കാൻ ആർക്കും ഭൂരിപക്ഷമില്ലാതായതോടെ രാഷ്‌ട്രപതി ഭരണത്തിലേക്ക് കാര്യങ്ങള്‍ എത്തിയേക്കുമെന്ന് ഉറപ്പിച്ച ഘട്ടം. എന്നാൽ മുന്നണി വിട്ട ഉദ്ധവും സംഘവും അണിയറയിൽ മറ്റൊരു പദ്ധതി മെനയുകയായിരുന്നു. ഒരിക്കലും യോജിക്കില്ലന്ന് ബിജെപി കണക്ക് കൂട്ടിയവർ കൈകോർത്തു.
സേനയും കോൺഗ്രസും എന്‍സിപിയും യോജിച്ചുനിന്നതോടെ മഹാരാഷ്ട്രയിൽ പുതിയ സഖ്യ സർക്കാർ പിറവികൊണ്ടു. മഹാവികാസ് അഘാഡി. ബിജെപി ക്യാമ്പുകളിലെ അന്ധാളിപ്പ് അവസാനിക്കും മുമ്പേ അഘാഡി ഭൂരിപക്ഷം തെളിയിച്ച് അധികാരത്തിലേറി. താക്കറെ കുടുംബത്തിൽ നിന്ന് ആദ്യ മുഖ്യമന്ത്രി ആയി ഉദ്ധവ് താക്കറെ സ്ഥാനമേറ്റു.
പാളയത്തിലെ പട :മഹാ വികാസ് അഘാഡി സഖ്യം രൂപംകൊണ്ടതോടെ പുതിയ മുഖ്യമന്ത്രിയായി ജനകീയനായ ഏക്‌നാഥ് ഷിൻഡെ എത്തുമെന്ന് ഒരു ഘട്ടത്തിൽ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാൽ സഖ്യത്തിൽ എതിർപ്പുകള്‍ പ്രകടിപ്പിച്ചിരുന്ന ഷിൻഡെയെ തള്ളിയാണ് ഉദ്ധവ് മുഖ്യമന്ത്രിയായത്. ഉദ്ധവിന്‍റെ മകനും കാബിനറ്റ് മന്ത്രിയുമായ ആദിത്യ താക്കറെയുടെ കടന്നുവരവോടുകൂടി സേന ക്യാമ്പിൽ വിള്ളലുകളുണ്ടായിത്തുടങ്ങി.
ക്യാബിനറ്റ് പദവി ലഭിച്ച ആദിത്യ, ഷിൻഡെയുടെ വകുപ്പിൽ ഇടപെട്ടത് പ്രശ്‌നങ്ങള്‍ കൂടുതൽ വഷളാക്കി. മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ തീരുമാനങ്ങൾ എടുക്കരുതെന്ന നിർദേശം ഷിൻഡെയുടെ അതൃപ്തി കൂട്ടി. ഏറ്റവും ഒടുവിൽ രാജ്യസഭ ഏകോപന ചുമതലയിൽ നിന്ന് മാറ്റിയതും സേന ക്യാമ്പിലെ പൊരുത്തക്കേടുകളുടെ കനം ഏറാന്‍ ഇടയാക്കി.
ഓപ്പറേഷൻ താമര :കർണാടകയിലും ,മധ്യപ്രദേശിലും, പുതുച്ചേരിയിലും വിജയിച്ച ഓപ്പറേഷൻ താമര ഒരുക്കിയ ബിജെപി സേനയിലെ വിള്ളലുകള്‍ കൃത്യമായി മുതലെടുത്തു. ഡൽഹിയിലും മുംബൈയിലും തിരക്കിട്ട ചർച്ചകള്‍. ഫഡ്‌നാവിസും സംഘവും കാര്യങ്ങള്‍ കൃത്യമായി മെനഞ്ഞതോടെ അഘാഡിയെ വിറപ്പിച്ച് ഷിൻഡെയും സംഘവും മറുപാളയത്തിലെത്തി.
ബിജെപിയുമായി ചേർന്ന് പുതിയ സർക്കാർ എന്നതായിരുന്നു പ്രധാന ആവശ്യം. സർക്കാരിന് പിന്തുണ പിൻവലിച്ച ഷിൻഡെയും എംഎല്‍എമാരും സൂറത്തിലെ ലെ മെറിഡിയൻ ഹോട്ടലിലേക്ക് കടന്നു. പിന്നാലെ 40 എംഎൽമാരുമായി ഗുവാഹത്തിയിലെ റാഡിസണ്‍ ബ്ലൂവിലേക്ക്. പിന്നാലെ എംഎൽഎമാരുടെ എണ്ണം 50 എന്ന് അവകാശവാദം.
ഇതിനിടെ വിമതരെ തിരിച്ചെത്തിക്കാൻ ഉദ്ധവും സംഘവും നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. സർക്കാർ രൂപീകരണത്തിൽ ശിവസേനയ്ക്ക് നഷ്‌ടം മാത്രമാണ് സംവിച്ചതെന്നായിരുന്നു വിമതരുടെ പ്രധാന അക്ഷേപം. ഉദ്ധവ് ഹിന്ദുത്വം മറക്കുന്നതായും സംഘം ആരോപിച്ചു.
അഘാഡിയുടെ പതനം : വിഭിന്ന രാഷ്ട്രീയം പറയുന്നവർ ഒത്തുകൂടിയ സർക്കാർ നിലംപതിക്കുമെന്ന കണക്കുകൂട്ടലുകള്‍ തകർത്താണ് സഖ്യസർക്കാർ രണ്ടര വർഷക്കാലം ഭരിച്ചത്. തക്കം പാർത്തിരുന്ന ബിജെപിക്ക് യാതൊരു പഴുതും നർകാതിരുന്ന ഉദ്ധവിനെ പക്ഷേ കാത്തിരുന്നത് സ്വന്തം പാളയത്തിലെ കലാപക്കൊടിയായിരുന്നു. ഷിൻഡെയും സംഘവും ഏല്‍പ്പിച്ച അപ്രതീക്ഷിത ആഘാതം ഉദ്ധവും സംഘവും തിരിച്ചറിയുമ്പോഴേക്കും മറുപാളയത്തിൽ വിമതരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു.
എൻസിപി ചാണക്യൻ ശരദ് പവാറും, ഉദ്ധവും ഒരുക്കിയ തന്ത്രങ്ങളെല്ലാം പരാജയപ്പെട്ടു. മറാത്ത വികാരത്തിൽ ആഴത്തിൽ തൊട്ട് ഉദ്ധവ് നടത്തിയ പ്രസ്‌താവനകളും ഫലം കണ്ടില്ല. ഒടുവിൽ വിശ്വാസ വോട്ടെടുപ്പിന് ഗവർണർ അനുമതി നൽകിയതോടെ സഖ്യം വലിയ തിരിച്ചടിയാണ് നേരിട്ടത്.
വിശ്വാസ വോട്ടെടുപ്പിനെതിരായ ഹർജിയിൽ സുപ്രീംകോടതി കൂടി കൈവിട്ടതോടെ അഘാഡിക്ക് അടിതെറ്റിയെന്ന് ഉറപ്പായി. പിന്നാലെ ഫേസ്ബുക്ക് ലൈവിലെത്തിയ ഉദ്ധവ് ശരദ് പവാറിനും, സോണിയ ഗാന്ധിക്കും നന്ദി പറഞ്ഞ് രാജിപ്രഖ്യാപനം നടത്തിയതോടെ മഹാവികാസ് അഘാഡി എന്ന സഖ്യം മറാത്തയുടെ മണ്ണിൽ നിലംപൊത്തി.
ഉദ്ധവിന്‍റെ മുമ്പിൽ ഇനിയെന്ത് ? : മഹാരാഷ്ട്ര നാടകത്തിന് തിരശ്ശീല വീഴുന്നതോടെ ഉദ്ധവിന്‍റെയും സംഘത്തിന്‍റെ പുതിയ ചുവടുകളിലേക്കാണ് ഇന്ത്യൻ രാഷ്‌ട്രീയം മിഴി തുറന്ന് കാത്തിരിക്കുന്നത്. മറാത്ത വികാരങ്ങളിൽ വേരുകളിറക്കി പ്രതിയോഗികളെ നേരിടാനുള്ള തന്ത്രം ഉദ്ധവ് മെനയുമെന്നത് ഏറെക്കുറെ വ്യക്തമാണ്. രാജിപ്രഖ്യാപനത്തിലും, മുമ്പും ഉദ്ധവ് നടത്തിയ വൈകാരിക പ്രസ്‌താവനകള്‍ ഇതിന് ഉദാഹരണമായി വിലയിരുത്താം.
രാജി പ്രഖ്യാപനത്തിന് മുൻപ് ചേര്‍ന്ന മന്ത്രിസഭായോഗത്തിൽ മഹാരാഷ്ട്രയിലെ രണ്ട് നഗരങ്ങളുടേയും വിമാനത്താവളങ്ങളുടേയും പേരുകൾ മാറ്റാൻ ഉദ്ധവ് തീരുമാനമെടുത്തിരുന്നു. മണ്ണിന്‍റെ മക്കള്‍ വാദത്തിൽ പിറന്ന ശിവസേന തങ്ങളുടെ ഹിന്ദുത്വ രാഷ്ട്രീയത്തിൽ ഉറച്ചുനിൽക്കും എന്ന സന്ദേശം കൂടിയാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.