മുംബൈ: മഹാരാഷ്ട്രയിൽ ബലാത്സംഗത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പേരും ചിത്രവും വെളിപ്പെടുത്തിയതിന് ശിവസേന എംപി സഞ്ജയ് റാവത്തിനെതിരെ മഹാരാഷ്ട്ര പൊലീസ് കേസെടുത്തു. പരിക്കേറ്റ പെൺകുട്ടിയുടെ ചിത്രം ശനിയാഴ്ച സഞ്ജയ് ട്വീറ്റ് ചെയ്തിരുന്നു. മാർച്ച് അഞ്ചിനാണ് പർധി സമുദായത്തിലെ പെൺകുട്ടിയെ രണ്ട് പേർ ചേർന്ന് ബലാത്സംഗം ചെയ്തത്.
അടുത്ത ദിവസം പ്രതി പെൺകുട്ടിയെ ആക്രമിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ സോലാപൂർ ജില്ലയിലെ ബെലവാഡി, ബർഷി സ്വദേശികളായ അക്ഷയ് വിനായക് മാനെ (23), നാംദേവ് സിദ്ധേശ്വർ ദൽവി (24) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ട്വീറ്റ് പണിയായി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ ടാഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റിൽ ബിജെപി സ്പോൺസേഡ് ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. ഉന്നത കുടുംബത്തിലുള്ള അംഗമല്ല എന്നത് കൊണ്ട് പെൺകുട്ടിയുടെ കേസ് അവഗണിക്കരുതെന്നും മാർച്ച് അഞ്ചിന് നടന്ന അപകടത്തിന് ഇതുവരെയും നടപടി ഉണ്ടായില്ലെന്നും അദ്ദേഹം ട്വീറ്റിൽ കൂട്ടിച്ചേർത്തിരുന്നു. എന്നാൽ പെൺകുട്ടിയുടെ ചിത്രം ചേർത്തുള്ള റാവത്തിന്റെ ട്വീറ്റിനെ ബിജെപി നേതാവ് ചിത്ര വാഗ് വിമർശിച്ചു.
നടപടി ആവശ്യപ്പെട്ട് ചിത്ര വാഗ് :റാവത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ചിത്ര വാഗ് മുഖ്യമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും ആഭ്യന്തര വകുപ്പിനെയും ടാഗ് ചെയ്ത് ട്വീറ്റ് കുറിച്ചിരുന്നു. ബലാത്സംഗം ചെയ്യപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കുറിച്ചുള്ള വിവരങ്ങൾ ട്വിറ്ററിൽ വെളിപ്പെടുത്തിയതിന് ശിവസേന എംപിക്കെതിരെ ബർഷി പൊലീസ് കേസെടുത്തതായി പൊലീസ് സൂപ്രണ്ട് ശിരീഷ് സർദേശ് പാണ്ഡെ പറഞ്ഞു.