മുംബൈ: കൊടും വരൾച്ച, ജലസേചന സൗകര്യങ്ങളുടെ അഭാവം, ക്രമം തെറ്റിയുള്ള മഴലഭ്യത, പച്ചക്കറികൾക്ക് കുറഞ്ഞ വില, തൊഴിലില്ലായ്‌മ.. മഹാരാഷ്‌ട്രയിലെ അഹമദ്‌നഗർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഹൈവെയർ ബസാർ എന്ന ഗ്രാമത്തിന്‍റെ അവസ്ഥ ഇങ്ങനെയായിരുന്നു. ഈ സമയത്താണ് പ്രദേശവാസിയായ പൊപാത്രാവു പവാർ ഉന്നതവിദ്യാഭ്യാസത്തിനായി ഗ്രാമം വിടുന്നത്. പഠനം പൂർത്തിയാക്കി മടങ്ങിയെത്തിയ പവാറിന് തന്‍റെ ഗ്രാമത്തിന്‍റെ ഭാവി എങ്ങനെയാകണമെന്നതിനെ കുറിച്ച് ശരിയായ കാഴ്‌ചപ്പാടുകളുണ്ടായിരുന്നു.
അന്ന് നരകമായിരുന്നു, ഇന്ന് ഏഷ്യയിലെ ഏറ്റവും സമ്പന്ന ഗ്രാമം... ഇത് ഹൈവെയർ ബസാർ പവാറിന്‍റെ ആശയമായി പൊതുജന പങ്കാളിത്തം
ഗ്രാമത്തിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാനായിരുന്നു പവാറിന്‍റെ ആദ്യശ്രമം. സർക്കാരിനെ ആശ്രയിക്കാതെ ഗ്രാമവാസികൾ ഒത്തുചേർന്ന് അതിനുള്ള ശ്രമം തുടങ്ങി. ഗ്രാമത്തിന് ചുറ്റുമുള്ള കുന്നുകളിലും പാടവരമ്പുകളിലും മരങ്ങൾ നട്ടുപിടിപ്പിച്ചുകൊണ്ട് 'സ്‌മൃതിവൻ' എന്ന പേരിൽ ഒരു വനം തന്നെ വികസിപ്പിച്ചെടുത്തു.
കുടിവെള്ള പ്രശ്‌നം പരിഹരിച്ചതോടെ ആരോഗ്യം, ശുചിത്വം, വിദ്യാഭ്യാസം, കാർഷികം എന്നീ മേഖലകളിലായി ഗ്രാമവാസികളുടെ ശ്രദ്ധ.
മാറ്റം പ്രകടമാണ്
നിലവിൽ ഗ്രാമത്തിലെ 97 കുടുംബങ്ങളുടെ വാർഷിക വരുമാനം ഏകദേശം അഞ്ച് മുതൽ പത്ത് ലക്ഷം വരെയാണ്. 1500 പേർ മാത്രമുള്ള ഗ്രാമത്തിലെ സാക്ഷരത നിരക്ക് 95 ശതമാനമായി. തൊഴിലില്ലായ്‌മ മൂലം ഗ്രാമം വിട്ട 70 കുടുംബങ്ങളും ഇവിടേക്ക് തിരിച്ചെത്തി. സ്‌കൂൾ വിദ്യാർഥികളാണ് ജലവിതരണവും വിളകളും നോക്കിനടത്തുന്നത്. ഇതിനായി സ്‌കൂളുകളിൽ കാർഷികം, ജല ഉപയോഗം, വിള ആസൂത്രണം എന്നിവ പാഠ്യവിഷയമായി പഠിപ്പിക്കുന്നു.
ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്നഗ്രാമം കൃഷി അനുബന്ധ വ്യവസായങ്ങളിലൂടെ ഗ്രാമവാസികളുടെ വരുമാനം വർധിപ്പിക്കുന്നതിനായി ഗ്രാമത്തിൽ തന്നെ ഡയറി ഫാമും കാലിത്തീറ്റ ഉൽപാദന കേന്ദ്രവും ആരംഭിച്ചിട്ടുണ്ട്. പതിവായുള്ള ആരോഗ്യപരിശോധന, മദ്യപാനം, ഗുട്ട്ക എന്നിവയുടെ നിരോധനം, മതപരമായ ആചാരങ്ങളുമായി ബന്ധപ്പെട്ട വിവിധ നിയമങ്ങൾ തുടങ്ങി ഈ പ്രദേശത്ത് ഏർപ്പെടുത്തിയിട്ടുള്ള പൊതുവായ എല്ലാ നിയമങ്ങളും ഗ്രാമവാസികൾ ഒന്നടങ്കം പാലിച്ച് വരുന്നു. ജാതിമത വ്യത്യാസങ്ങളില്ലാതെ തന്നെ എല്ലാ ഉത്സവങ്ങളും ഗ്രാമവാസികൾ ഒത്തൊരുമയോടെ ആഘോഷിക്കുന്നു.
ഗ്രാമത്തിലെ സാക്ഷരത നിരക്ക് 95 ശതമാനം കേന്ദ്രസർക്കാരിന്‍റെ നിർമൽ ഗ്രാം പുരസ്‌കാരം, വനഗ്രാം പുരസ്‌കാരം, നാഷണൽ വാട്ടർ അവാർഡ്, മഹാരാഷ്‌ട്ര സർക്കാരിന്‍റെ ആദർശ് ഗാവൺ പുരസ്‌കാരം, യശ്വന്ത് ഗ്രാം പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ഹൈവെയർ ബസാർ എന്ന കൊച്ചുഗ്രാമത്തിന് സ്വന്തം.
ഈ വർഷം ഏപ്രിലിൽ 50ൽ അധികം പേർക്കാണ് ഗ്രാമത്തിൽ കൊവിഡ് സ്ഥിരീകരിച്ചത്. എന്നാൽ പതിവ് പരിശോധനകളിലൂടെയും ക്വാറന്‍റൈൻ, കർഫ്യൂ എന്നിവ കൃത്യമായി പാലിച്ചതിലൂടെയും 15 ദിവസങ്ങൾക്കുള്ളിൽ തന്നെ ഗ്രാമം കൊവിഡ് വിമുക്തമായി മാറി. പ്രധാനമന്ത്രിയും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും അടക്കമുള്ളവർ ഗ്രാമത്തിന്‍റെ കൊവിഡ് പ്രതിരോധത്തെ പ്രശംസിച്ചിരുന്നു.
അഭിവൃദ്ധിയുടെ നിറവിൽ ഹൈവെയർ ബസാർ ഇന്ന് ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്നമായ ഗ്രാമമായി ഹൈവെയർ ബസാറിനെ മാറ്റിയതിൽ പൊപാത്രാവു പവാറിന്‍റെ പങ്ക് വിസ്‌മരിക്കാനാകില്ല.