മുംബൈ :ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡേ നടത്തുന്ന വിമതനീക്കം മഹാവികാസ് അഘാടി സര്‍ക്കാരിനെ തുലാസിലാക്കിയിരിക്കുകയാണ്. 21 എം.എൽ.എമാരുമായാണ് ഷിൻഡേ സൂറത്തിലെ ലെ മെറിഡിയൻ ഹോട്ടലില്‍ ക്യാംപ് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ ചെറുപാർട്ടികള്‍, സ്വതന്ത്രര്‍ എന്നിവരുള്‍പ്പെട്ട 29 നിയമസഭാംഗങ്ങളുടെ നിലപാട് നിർണായകമായേക്കും.
288 അംഗ സംസ്ഥാന നിയമസഭയിൽ കേവല ഭൂരിപക്ഷത്തോടെ അധികാരത്തിലെത്താൻ 144 എം.എൽ.എമാർ വേണം. ശിവസേന എം.എൽ.എ രമേഷ് ലട്‌കെയുടെ മരണത്തെത്തുടർന്ന് ഒരു സീറ്റ് ഒഴിവുണ്ട്. മഹാവികാസ് അഘാഡി (ശിവസേന, എൻ.സി.പി, കോൺഗ്രസ് ഉൾപ്പെടുന്ന മുന്നണി) സർക്കാർ 2019 നവംബർ 30-നാണ് വിശ്വാസവോട്ട് നേടിയത്. 169 എം.എൽ.എമാർ ഈ സഖ്യത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയുണ്ടായി. ശിവസേന 55, എൻ.സി.പി 53, കോൺഗ്രസ് 44 എന്നിങ്ങനെയാണ് എം.എൽ.എമാരുടെ കണക്ക്.
സ്വതന്ത്ര എം.എല്‍.എമാര്‍ 13:2019 ൽ ബി.ജെ.പി 105 സീറ്റുകളാണ് നേടിയത്. ഉപതെരഞ്ഞെടുപ്പിൽ എൻ.സി.പിയിൽ നിന്ന് പന്ധാർപുർ (Pandharpur) അസംബ്ലി സീറ്റ് പിടിച്ചെടുത്തതോടെ ബി.ജെ.പി എം.എല്‍.എമാരുടെ ആകെ എണ്ണം 106 ആയി വര്‍ധിച്ചു. നിയമസഭയില്‍ 13 സ്വതന്ത്രരാണുള്ളത്. അതില്‍, ശിവസേന ക്വാട്ടയിൽ നിന്നുള്ള രാജേന്ദ്ര പാട്ടിൽ യെദ്രാവ്കർ, നെവാസയിൽ നിന്നുള്ള ക്രാന്തികാരി ഷേത്കാരി പക്ഷ് എം.എൽ.എ ശങ്കർറാവു ഗഡഖ്, പ്രഹാർ ജനശക്തി പാർട്ടിയുടെ ബച്ചു കാഡു എന്നിവരും ശിവസേന ക്വാട്ടയിൽ നിന്നുള്ള മന്ത്രിമാരാണ്.