മുംബൈ: പൂജ ചവാൻ എന്ന യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ശിവസേന നേതാവ് സഞ്ജയ് റാത്തോഡ് മഹാരാഷ്ട്ര വനം മന്ത്രിസ്ഥാനം രാജിവച്ചു. പാർട്ടി അധ്യക്ഷനും മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയ്ക്ക് രാജിക്കത്ത് കൈമാറി. നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്നു തുടങ്ങാനിരിക്കെ, പ്രതിപക്ഷമായ ബിജെപി പ്രതിഷേധത്തിനു തയാറെടുക്കുന്ന സാഹചര്യത്തിലാണു രാജി.
രാജി സ്വീകരിച്ചതായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. " സഞ്ജയ് റാത്തോഡ് രാജി നൽകിയിട്ടുണ്ട്, അദ്ദേഹത്തിന്‍റെ രാജി സ്വീകരിച്ചു, ഞാൻ വനം മന്ത്രാലയത്തിന്‍റെ ചുമതല ഏറ്റെടുക്കും-ഉദ്ധവ് താക്കറെ പറഞ്ഞു.ഈ സംഭവം നടന്ന ദിവസം തന്നെ ഞങ്ങൾ ഈ കേസിൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്വേഷണത്തിലൂടെ സത്യം പുറത്തുവരുമെന്നും മുഖ്യമന്ത്രി വാർത്തസമ്മേളളനത്തിൽ പറഞ്ഞു.