കേരളം

kerala

ETV Bharat / bharat

'മഹാ'പ്രതിസന്ധിയിൽ അടിതെറ്റി അഘാഡി ; രാജിവച്ച് ഉദ്ധവ് താക്കറെ

ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു രാജിപ്രഖ്യാപനം

ഉദ്ദവ് താക്കറെ രാജിവെച്ചു  uddhav thackeray resigned
ഉദ്ദവ് താക്കറെ രാജിവെച്ചു

By

Published : Jun 29, 2022, 9:55 PM IST

Updated : Jun 29, 2022, 11:02 PM IST

മുംബൈ :മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു രാജി പ്രഖ്യാപനം. നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് തീരുമാനം.

വിശ്വാസ വോട്ടെടുപ്പിന് അനുമതി നല്‍കിയ സുപ്രീം കോടതി വിധി അഘാഡി സർക്കാരിന് തിരിച്ചടിയായിരുന്നു. ഇതിന് പിന്നാലെയാണ് രാജി പ്രഖ്യാപനം. മഹാരാഷ്ട്ര ലെജിസ്‍ലേറ്റീവ് കൗൺസിൽ അംഗത്വവും ഉദ്ധവ് താക്കറെ രാജിവച്ചു.

എൻസിപി അധ്യക്ഷൻ ശരദ് പവാറിനും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും ലൈവിൽ ഉദ്ധവ് നന്ദി അറിയിച്ചു. ചെയ്‌തതെല്ലാം മറാത്തക്കാർക്കും, ഹിന്ദുകള്‍ക്കും വേണ്ടിയാണെന്ന് വ്യക്തമാക്കിയ ഉദ്ധവ് താക്കറെ, ബാലാസാഹിബിന്‍റെ മകനെ വീഴ്ത്തിയതിൽ നിങ്ങള്‍ക്ക് അഭിമാനിക്കാം എന്ന് വിമതരെ പരിഹസിക്കുകയും ചെയ്‌തു.

ശിവസേനയെ സ്വന്തം നേട്ടത്തിനായി മാത്രം കണ്ടവരാണ് പാര്‍ട്ടി വിട്ടതെന്നും ഉദ്ധവ് പറഞ്ഞു. എന്ത് പ്രശ്‌നമുണ്ടെങ്കിലും നേരിട്ട് ചർച്ച നടത്താമായിരുന്നു. ജനാധിപത്യം നമ്പറുകൾ കൊണ്ടുള്ള കളിയാണെങ്കിൽ തനിക്ക് അതിൽ താത്പര്യമില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നതായി ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചത്.

2019-ലെ നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് ശിവസേനയുടെ നേതൃത്വത്തില്‍ എന്‍സിപിയും കോണ്‍ഗ്രസും ചേര്‍ന്ന് മഹാവികാസ് അഘാഡി സര്‍ക്കാരിന് രൂപം കൊടുത്തത്. 105 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ തള്ളിയായിരുന്നു സഖ്യ സർക്കാരിന്‍റെ രൂപീകരണം.

രണ്ടര വര്‍ഷത്തോളം നീണ്ട ഭരണത്തിനൊടുവിൽ ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ വിമതർ കൂടാരം വിട്ടതോടെയാണ് മഹാരാഷ്‌ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുക്കുന്നത്. സർക്കാർ രൂപീകരണത്തിൽ ശിവസേനയ്ക്ക് നഷ്‌ടം മാത്രമാണ് സംവിച്ചതെന്നായിരുന്നു വിമതരുടെ പ്രധാന അക്ഷേപം. ഉദ്ധവ് ഹിന്ദുത്വം മറക്കുന്നതായും ആരോപിച്ച ഷിൻഡെയും സംഘവും ബിജെപിയുമായി സഖ്യമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടു.

തുടർന്ന് സർക്കാരിന് പിന്തുണ പിൻവലിച്ച ഷിൻഡെയും എംഎല്‍എമാരും സൂറത്തിലെ ലെ മെറിഡിയൻ ഹോട്ടലിലേക്ക് കടന്നു. പിന്നാലെ 40 എംഎൽമാരുമായി ഗുവാഹത്തിയിലെ റാഡിസണ്‍ ബ്ലൂവിലേക്ക്. ഇതിനിടെ വിമതരെ തിരിച്ചെത്തിക്കാൻ ഉദ്ധവും സംഘവും നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു.

വ്യാഴാഴ്‌ച വിശ്വാസ വോട്ടെടുപ്പിന് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെ വിമതര്‍ ബുധനാഴ്‌ച (29-06-2022) വൈകീട്ടോടെ ഗോവയിലേക്ക് തിരിച്ചിരുന്നു. വിശ്വാസ വോട്ടെടുപ്പ് നടക്കുന്നതിന് മുന്നോടിയായി വ്യാഴാഴ്‌ച മുംബൈയിലേക്ക് തിരിക്കാനായിരുന്നു പദ്ധതി. പിന്നാലെ വിശ്വാസ വോട്ടെടുപ്പിനെതിരായ ഹർജിയിൽ സുപ്രീംകോടതി കൂടി കൈവിട്ടതോടെയാണ് മഹാരാഷ്ട്രയിൽ അഘാഡിക്ക് അടിതെറ്റിയത്.

Last Updated : Jun 29, 2022, 11:02 PM IST

ABOUT THE AUTHOR

...view details