ബുൽധാന: മഹാരാഷ്‌ട്രയിലെ ബുൽധാനയിൽ രണ്ട് ട്രാവൽസ് ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. 25 യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മുംബൈ നാഗ്‌പൂർ ഹൈവേയിൽ ലക്ഷ്‌മി നഗർ മൽകാപൂരിന് സമീപമുള്ള ഫ്‌ളൈഓവറിൽ വച്ചാണ് അപകടം ഉണ്ടായത്.
അമർനാഥിൽ തീർഥാടനം കഴിഞ്ഞ ഹിംഗോളിയിലേക്ക് പോകുകയായിരുന്ന ട്രാവൽസും നാഗ്‌പൂരിൽ നിന്ന് നാസിക്കിലേക്ക് പോകുകയായിരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. തീർഥാടനം കഴിഞ്ഞ് മടങ്ങിയ ബസിൽ 35 മുതൽ 40 വരെ ആളുകളും നാസിക്കിലേക്ക് പോകുകയായിരുന്ന വാഹനത്തിൽ 25 മുതൽ 30 വരെ യാത്രക്കാർ ഉണ്ടായിരുന്നതായുമാണ് വിവരം.
ഈ രണ്ട് വാഹനങ്ങളും മൽകാപൂർ സിറ്റിയിലൂടെ കടന്നുപോകുന്ന ഹൈവേ നമ്പർ 6-ൽ വച്ച് നേർക്കുനേർ എത്തി കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങളും തകർന്നു. അപകടത്തിൽ ആറ് യാത്രക്കാർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. രണ്ട് ട്രാവൽസുകളിലുമായി 25 യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ ബുൽധാനയിലെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.
ബുൽധാനയിൽ 26 പേരുടെ ജീവനെടുത്ത ബസ് അപകടം : ബുൽധാനയിൽ തന്നെയാണ് 26 പേരുടെ ജീവനെടുത്ത ബസ് അപകടം അടുത്തിടെ ഉണ്ടായത്. സർവീസിനിടയ്‌ക്ക് ബസിന് തീപിടിക്കുകയായിരുന്നു. ബുൽധാനയിലെ സമൃദ്ധി മഹാമാർഗ് എക്‌സ്‌പ്രസ് വേയിൽ വച്ചാണ് ബസിന് തീപിടിച്ചത്. ജൂലൈ 1ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.
യവത്‌മാലില്‍ നിന്ന് പൂനെയിലേക്ക് വരികയായിരുന്ന ബസിനാണ് തീപിടിച്ചത്. സംഭവ സ്ഥലത്ത് വച്ച് തന്നെ 25 പേർ മരിച്ചു. മറ്റൊരാള്‍ പിന്നീട് മരണത്തിന് കീഴടങ്ങി. ആകെ 32 യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. ബസ് റോഡിന്‍റെ വലതുവശത്തുണ്ടായിരുന്ന സ്റ്റീൽ തൂണിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇതോടെ ഡ്രൈവർക്ക് വാഹനത്തിന്‍റെ നിയന്ത്രണം നഷ്‌ടപ്പെട്ടു എന്നാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടയാൾ നൽകുന്ന വിവരം. നിയന്ത്രണം നഷ്‌ടപ്പെട്ട ബസ് ഡിവൈഡറിലേക്ക് ഇടിച്ച് കയറി. മുൻവശത്തെ ടയർ ശക്‌തിയായി ഡിവൈഡറിൽ ഇടിച്ചതിനാൽ ബസിന്‍റെ ആക്‌സിൽ ഒടിഞ്ഞ് പോകുകയും ചെയ്‌തു.