മുംബൈ : മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത വിമത നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവ് അജിത് പവാറിന് ധനകാര്യ വകുപ്പ് അനുവദിച്ചു. സത്യപ്രതിജ്‌ഞ കഴിഞ്ഞ് 12 ദിവസങ്ങൾക്ക് ശേഷം ഇന്നാണ് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ വകുപ്പുകൾക്ക് അന്തിമരൂപം നൽകിയത്. ജൂലൈ രണ്ടിനാണ് എൻസിപി പിളരുകയും അജിത് പവാർ അടക്കം ഒൻപത് എംഎൽഎമാർ ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്യത്തിലുള്ള ശിവസേന - ബിജെപി സർക്കാരിൽ ചേർന്ന് സത്യപ്രതിജ്‌ഞ ചെയ്യുകയും ചെയ്‌തത്.
സംസ്ഥാനത്തെ രണ്ടാമത്തെ ഉപമുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ കയ്യിലായിരുന്നു ആദ്യം ധനകാര്യ വകുപ്പ്. എന്നാൽ പവാർ കുടുംബത്തിന്‍റെ ശക്തികേന്ദ്രമായ പൂനെ ജില്ലയിലെ ബാരാമതി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അജിത് പവാർ ധനകാര്യ വകുപ്പ് വേണമെന്ന് നിർബന്ധം പിടിച്ചിരുന്നു. തുടർന്ന് അജിത് പവാറിന് ധനകാര്യ വകുപ്പ് നൽകുന്നതുമായി ബന്ധപ്പെട്ട് ഭരണകക്ഷിയിൽ തന്നെ വാദ - പ്രതിവാദങ്ങൾ നടക്കുകയും ചെയ്‌തു.
ഇതിനൊടുവിലാണ് ധനകാര്യം അജിത് പവാറിന് തന്നെ നൽകാമെന്ന തീരുമാനത്തിൽ ഷിൻഡെ സർക്കാർ എത്തിയത്. ക്യാബിനറ്റ് മന്ത്രി ഛഗൻ ഭുജ്‌ബലിന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രാലയത്തിന്‍റെ ചുമതലയും അനിൽ പാട്ടീലിന് ദുരിതാശ്വാസ, പുനരധിവാസം, ദുരന്തനിവാരണ വകുപ്പിന്‍റെ ചുമതലയുമാണ് നൽകിയിട്ടുള്ളത്. എൻസിപിയിൽ നിന്ന് പുറത്താക്കപ്പെട്ട സുനിൽ തത്‌കരെയുടെ മകൾ അദിതി തത്‌കരെ സംസ്ഥാനത്തെ പുതിയ വനിത ശിശു വികസന മന്ത്രിയാകും. അന്തരിച്ച ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയുടെ അനന്തരവനായ ധനഞ്‌ജയ് മുണ്ടെയ്‌ക്ക് കൃഷി വകുപ്പും, ദിലീപ് വാൽസെ പാട്ടീലിന് റവന്യൂ, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകളുമാണ് അനുവദിച്ചിട്ടുള്ളത്.