കേരളം

kerala

ETV Bharat / bharat

'ട്രാൻസ്‌ജെൻഡറുകൾക്കായി ഒരു തസ്‌തിക സംവരണം ചെയ്യണം'; സർക്കാരിന് നിർദേശം നൽകി മഹാരാഷ്‌ട്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ

എല്ലാ പൊതുനിയമനങ്ങളിലും ട്രാൻസ്ജെൻഡർമാർക്ക് സംവരണം നൽകണമെന്ന് സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ട 2014ലെ സുപ്രീംകോടതി വിധിയെ ഉദ്ദരിച്ചായിരുന്നു ട്രിബ്യൂണൽ ഉത്തരവ്.

reservation for transgenders  Maharashtra Administrative Tribunal  police sub inspector post for transgenders  തസ്‌തിക സംവരണം  ട്രാൻസ്ജെൻഡറുകൾക്കായി തസ്‌തിക സംവരണം  മഹാരാഷ്‌ട്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ  ട്രൈബ്യൂണൽ  ട്രാൻസ്ജെൻഡർമാർക്ക് സംവരണം  മഹാരാഷ്‌ട്ര പബ്ലിക് സർവീസ് കമ്മിഷൻ
'ട്രാൻസ്‌ജെൻഡറുകൾക്കായി ഒരു തസ്‌തിക സംവരണം ചെയ്യണം'; സർക്കാരിന് നിർദേശം നൽകി മഹാരാഷ്‌ട്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ

By

Published : Nov 8, 2022, 8:06 PM IST

മുംബൈ: പൊലീസ് സബ് ഇൻസ്പെക്‌ടർ നിയമനത്തിൽ ഒരു തസ്‌തിക ട്രാൻസ്ജെൻഡറുകൾക്കായി സംവരണം ചെയ്യാൻ സർക്കാരിനോട് ഉത്തരവിട്ട് മഹാരാഷ്‌ട്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്‍റെ മുംബൈ ബെഞ്ച്. എല്ലാ പൊതുനിയമനങ്ങളിലും ട്രാൻസ്‌ജെൻഡർമാർക്ക് സംവരണം നൽകണമെന്ന് സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ട 2014ലെ സുപ്രീംകോടതി വിധിയെ ഉദ്ദരിച്ചായിരുന്നു ട്രിബ്യൂണൽ ഉത്തരവ്.

ട്രാൻസ്ജെൻഡർ ഉദ്യോഗാർഥിയായി പിഎസ്‌സി തസ്‌തികയിലേക്ക് അപേക്ഷിക്കാൻ അനുവാദം നൽകാൻ മഹാരാഷ്‌ട്ര പബ്ലിക് സർവീസ് കമ്മിഷനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് വിനായക് കാഷിദ് എന്നയാൾ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ട്രിബ്യൂണൽ. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും ട്രാൻസ്ജെൻഡറുകൾക്ക് തസ്‌തികകൾ നൽകുന്നതുമായി ബന്ധപ്പെട്ട് ആറ് മാസത്തിനുള്ളിൽ നയം കൊണ്ടുവരാൻ ട്രിബ്യൂണൽ ഈ വർഷം ഓഗസ്റ്റിൽ സംസ്ഥാന സർക്കാരിനോട് നിർദേശിച്ചിരുന്നു.

നയം രൂപീകരിക്കുന്നത് സംബന്ധിച്ച് ഇപ്പോഴും പരിഗണനയിലാണെന്ന് സർക്കാർ അഭിഭാഷകൻ തിങ്കളാഴ്‌ച ട്രിബ്യൂണലിനെ അറിയിച്ചു. തുടർന്ന് രാജ്യത്തെ നിയമവും സുപ്രീം കോടതി വിധിയും പാലിക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്നും എല്ലാ ട്രാൻസ്ജെൻഡറുകൾക്കും അവരവരുടെ ലിംഗഭേദം തീരുമാനിക്കാൻ അവകാശമുണ്ടെന്നും ട്രിബ്യൂണൽ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും പൊതു നിയമനങ്ങളിലും സംവരണം നൽകാനും കേന്ദ്രത്തിനും എല്ലാ സംസ്ഥാന സർക്കാരുകൾക്കും ട്രിബ്യൂണൽ നിർദേശം നൽകി.

ഇതുവരെ നയപരമായ തീരുമാനമെടുത്തിട്ടില്ലെന്ന സംസ്ഥാന സർക്കാരിന്‍റെ നിലപാട് അംഗീകരിക്കാൻ പ്രയാസമാണ്. 2014ലെ സുപ്രീം കോടതി വിധി പാലിക്കേണ്ടത് സർക്കാരിന്‍റെ കടമയാണ്. സർക്കാർ ഒരു തീരുമാനവും എടുത്തിട്ടില്ലെങ്കിലും സുപ്രീം കോടതി നൽകിയ ഉത്തരവ് പാലിക്കാൻ ബാധ്യസ്ഥരാണ്. ഒരാൾ മാത്രമേ അപേക്ഷയുമായി ട്രിബ്യൂണലിനെ സമീപിച്ചിട്ടുള്ളൂ എന്നതിനാൽ സബ് ഇൻസ്പെക്‌ടർ പരീക്ഷയുടെയും നിയമനത്തിന്‍റെയും എല്ലാ ഘട്ടങ്ങളിലും സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന ട്രാൻസ്‌ജെൻഡറുകൾക്കായി ഒരു തസ്‌തിക നിലനിർത്തണമെന്നും ട്രിബ്യൂണൽ ചെയർപേഴ്‌സൺ റിട്ടയേർഡ് ജസ്റ്റിസ് മൃദുല ഭട്‌കർ ഉത്തരവിട്ടു.

ഒക്‌ടോബർ എട്ടിന് നടന്ന പ്രിലിമിനറി പരീക്ഷയിൽ കാഷിദ് പങ്കെടുത്തിരുന്നുവെന്നും ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണെന്നും കാഷിദിന്‍റെ അഭിഭാഷകൻ ക്രാന്തി എൽ സി തിങ്കളാഴ്‌ച ട്രിബ്യൂണലിനെ അറിയിച്ചു. ഈ വർഷം ജൂൺ മാസത്തിലാണ് 800 സബ് ഇൻസ്പെക്‌ടർ തസ്‌തികയിലേക്ക് മഹാരാഷ്‌ട്ര പിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിച്ചത്. അപേക്ഷ പ്രകാരം പുരുഷനായിരുന്ന കാഷിദ് സ്ത്രീയായി മാറുകയായിരുന്നു. തന്നെ വനിത ഉദ്യോഗാർഥിയായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ് തസ്‌തികയിലേക്ക് കാഷിദ് അപേക്ഷ സമർപ്പിച്ചത്.

ABOUT THE AUTHOR

...view details