ഉജ്ജയിന്‍(മധ്യപ്രദേശ്):മധ്യപ്രദേശിലെ ഉജ്ജയിനിലെ പ്രശസ്‌ത ശിവ ക്ഷേത്രമായ മഹാകാലിയില്‍ പുതുതായി നിര്‍മിച്ച ബൃഹത്തായ ക്ഷേത്ര സമുച്ചയത്തിന്‍റെ പ്രത്യേകതകള്‍ നിരവധിയാണ്. ഉത്തര്‍പ്രദേശിലെ കാശി വിശ്വനാഥ് ക്ഷേത്ര സമുച്ചയത്തേക്കാള്‍ നാലിരട്ടി നീളത്തില്‍ വ്യാപിച്ച് കിടക്കുന്ന ഈ സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. രാജ്യത്തെ ശിവന്‍റെ പന്ത്രണ്ട് ജ്യോതിര്‍ലിംഗ പ്രതിഷ്‌ഠകളില്‍ ഒന്നാണ് മഹാകാല്‍ ക്ഷേത്രത്തിലേത്.
മഹാകാല്‍ ശിവ ക്ഷേത്ര സമുച്ചയം: മഹാകാലേശ്വര്‍ പൂന്തോട്ടം, മഹാകാലേശ്വര്‍ നടപ്പാത, ശിവ അവതാര്‍ പൂന്തോട്ടം, ആത്മീയ ചര്‍ച്ചകള്‍ക്കായുള്ള ഹാളുകള്‍, ഗണേശ വിദ്യാലയ കെട്ടിടങ്ങള്‍, ആത്‌മീയ പഠന കേന്ദ്രങ്ങള്‍, രുദ്രസാഗര്‍ നദിക്ക് അഭിമുഖമായിട്ടുള്ള അലങ്കരിച്ച നടപ്പാതകള്‍, പാര്‍ക്കിങ് കേന്ദ്രങ്ങള്‍ എന്നിവ ബൃഹത്തായ സമുച്ചയത്തിന്‍റെ ഭാഗമാണ്. പുതിയ സമുച്ചയം വരുന്നതോട് കൂടി ക്ഷേത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലം 2.8 ഹെക്ടറില്‍ നിന്ന് 47 ഹെക്‌ടറായി വ്യാപിക്കും. മുഖം തെക്കോട്ടായിട്ടുള്ള അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നാണ് മഹാകാല്‍. രാജ്യത്തിന്‍റെ നാനാഭാഗത്ത് നിന്നും ഭക്തര്‍ മഹാകാലില്‍ ദര്‍ശനത്തിനായി എത്തുന്നുണ്ട്.