ഭിലായ് (ഛത്തീസ്‌ഗഡ്) :മഹാദേവ് വാതുവയ്‌പ്പ് ആപ്പ് തട്ടിപ്പിലെ മുഖ്യപ്രതി ദീപക് നേപ്പാളി അറസ്റ്റില്‍ (Mahadev online betting app scam prime suspect Deepak Nepali arrested). ദേശീയ സുരക്ഷ നിയപ്രകാരമാണ് ദീപകിനെ പൊലീസ് ബുധനാഴ്‌ച അറസ്റ്റ് ചെയ്‌തത്. ഏറെ നാളായി ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു.
ക്രൈം ബ്രാഞ്ചും വൈശാലി നഗര്‍ പൊലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭിലായില്‍ വച്ച് ദീപക് പിടിക്കപ്പെട്ടത്. സുപേല, വൈശാലി നഗര്‍, കന്‍റോണ്‍മെന്‍റ് പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.
സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയിലും പൊലീസ് ദീപക്കിനായുള്ള തെരച്ചില്‍ തുടരുന്നുണ്ടായിരുന്നു. ഇയാള്‍ക്കായി പൊലീസ് പലയിടങ്ങളിലും വലവിരിച്ചിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. കേസില്‍ ദീപക് നേപ്പാളിയുടെ സഹോദരന്‍ നീരജ് നേപ്പാളിയും ഇയാളുടെ നാല് കൂട്ടാളികളും ജൂലൈയില്‍ പൊലീസ് പിടിയിലായിരുന്നു.
സിഎസ്‌പി ക്രൈം രാജീവ് ശര്‍മയുടെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് സംഘത്തിന്‍റെയും വൈശാലി നഗര്‍ പൊലീസിന്‍റെയും സംയുക്തമായ അന്വേഷണത്തിലാണ് കേസിലെ മുഖ്യ പ്രതിയെ പിടികൂടിയത്. അതേസമയം, മഹാദേവ് ആപ്പിന്‍റെ ദുബായിലെ പ്രമോട്ടര്‍മാരില്‍ പ്രമുഖനായ സൗരഭ് ചന്ദ്രകറിന്‍റെ പ്രവര്‍ത്തനങ്ങള്‍ എന്‍ഫോഴ്‌മെന്‍റ് ഡയറക്‌ടറേറ്റും ദുര്‍ഗ് പൊലീസും മരവിപ്പിച്ചിരുന്നു. ഇഡിയുടെ റെഡ് കോര്‍ണര്‍ നോട്ടിസ് പ്രകാരമാണ് ദുബായിലെ നടപടി.