പട്‌ന (ബിഹാർ): പട്‌നയിൽ മഹാദലിത് സമുദായത്തിൽപ്പെട്ട സ്‌ത്രീയെ അർധനഗ്നയാക്കി മർദിച്ചുവെന്ന് പരാതി (Mahadalit Woman Beaten). പട്‌നയിലെ ഖുസ്രുപൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്‌ചയാണ് സംഭവം. പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.
സാമ്പത്തിക ഇടപാടിനെച്ചൊല്ലി ആറ് പേർ ചേർന്ന് അർധനഗ്നയാക്കി മർദിക്കുകയും വായിൽ മൂത്രമൊഴിക്കുകയും ചെയ്‌തെന്ന് പരാതിയിൽ പറയുന്നു (Six miscreants beat up a Mahadalit woman). പ്രതിയിൽ നിന്ന് 1500 രൂപ കടം വാങ്ങിയിരുന്നു. പലിശ സഹിതം പണം തിരികെ നൽകുകയും ചെയ്‌തു. എന്നാൽ, തിരിച്ചടയ്ക്കാനുള്ള തുക കുടിശ്ശികയുണ്ടെന്ന് പറഞ്ഞാണ് പ്രതിയും കൂട്ടാളികളും ചേർന്ന് തന്നെ മർദിച്ചതെന്ന് സ്‌ത്രീ ആരോപിച്ചു.
പണം തിരിച്ചടച്ചില്ലെങ്കിൽ നഗ്നയാക്കി റോഡിലൂടെ നടത്തും എന്ന് പറഞ്ഞ് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് ശനിയാഴ്‌ച രാവിലെ താൻ പൊലീസിൽ പരാതി നൽകി. പൊലീസ് വീട്ടിലെത്തി സംഭവത്തെക്കുറിച്ച് അന്വേഷിച്ചെങ്കിലും പ്രതിക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും സ്‌ത്രീ പറഞ്ഞു. 'ശനിയാഴ്‌ച (സെപ്റ്റംബർ 23) രാത്രി 10 മണിയോടെ വീട്ടിലെത്തിയ അക്രമികൾ തന്നെ ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടുപോകുകയും അർധ നഗ്നയാക്കി മർദിക്കുകയും ചെയ്‌തു.
തുടർന്ന് പ്രതിയുടെ മകനെക്കൊണ്ട് തന്‍റെ വായിൽ മൂത്രമൊഴിപ്പിക്കുകയും ചെയ്‌തു. എങ്ങനെയോ അവരുടെ വീട്ടിൽ നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു' - യുവതി പറഞ്ഞു. സംഭവത്തെ തുടർന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും ഖുസ്രുപൂർ പൊലീസ് സ്റ്റേഷനിലെ ഒരു ഇൻസ്പെക്‌ടർ പറഞ്ഞു.