മുംബൈ: മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ കുഡാലിൽ ബിജെപി എംപി നാരായണ റാണെയുടെ അനുകൂലികളും ശിവസേന അനുകൂലികളും തമ്മിൽ ഏറ്റുമുട്ടി. ശിവസേനയുടെ സ്ഥാപകദിനത്തിൽ പെട്രോൾ വില വർധിക്കുന്നതിനെതിരെ നടത്തിയ പ്രതിഷേധ പരിപാടിക്കിടെയാണ് ആക്രമം ഉണ്ടായത്.
പെട്രോൾ വിലവർദ്ധനക്കെതിരെ സേന എംഎൽഎ വൈഭവ് നായിക്കും അനുയായികളും കുഡാലിലെ പെട്രോൾ പമ്പിൽ ഇന്ധനം വാങ്ങാൻ വന്നവർക്ക് പണം വിതരണം ചെയ്തു. എന്നാൽ ബിജെപി രാജ്യസഭാ അംഗവും മുൻ ശിവസേന നേതാവുമായ നാരായണ റാണെയുടെ സുഹൃത്തിന്‍റെ പമ്പിന് മുന്നിലായിരുന്നു ഇവർ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
ഇതറിഞ്ഞ ബിജെപി അനുയായികൾ പമ്പിന് മുന്നിൽ തടിച്ച്കൂടി നായിക്കിനെതിരെ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. തുടർന്ന് ഇരുകൂട്ടരും തമ്മിൽ സംഘർഷത്തിലേക്കെത്തുകയായിരുന്നു. പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി ഇരു പാർട്ടികളിലെയും പ്രവർത്തകരെ പിരിച്ചുവിട്ടു. തുടർന്ന് വൈഭവ് നായിക്കും അനുയായികളും ഇതേ പരിപാടി അടുത്തുള്ള മറ്റൊരു പെട്രോൾ പമ്പിൽ സംഘടിപ്പിച്ചു.
ALSO READ:ലോക്ക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിച്ച് തെലങ്കാന
നിയമവിരുദ്ധമായ കൂട്ടം ചേരൽ, സർക്കാർ ഉത്തരവ് അനുസരിക്കാതിരിക്കുക, കൊവിഡ് മാർഗ ലംഘനം എന്നിവയുമായി ബന്ധപ്പെട്ട് ഐപിസി വകുപ്പുകൾ പ്രകാരം ശിവസേനയുടെയും ബിജെപിയുടെയും അനുയായികൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. രണ്ട് ദിവസത്തിന് മുൻപും മുംബൈയിലെ ശിവസേന ആസ്ഥാനത്തിന് മുന്നിൽ ശിവസേന- ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു.