ന്യൂഡൽഹി: മഹാരാഷ്ട്ര സർക്കാരിനെ താഴെയിറക്കാനുള്ള ബിജെപിയുടെ ഒരു ശ്രമവും വിജയിക്കില്ലെന്ന് എൻസിപി മേധാവി ശരദ് പവാർ. ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഗാദി സർക്കാർ ശക്തമാണെന്നും ഭരണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ശിവസേനാ നേതാക്കൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമെതിരായ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) നടപടി അധികാര ദുർവിനിയോഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മഹാരാഷ്ട്ര സർക്കാരിനെ വീഴ്ത്താനുള്ള പദ്ധതികൾ നടക്കില്ലെന്ന് ശരദ് പവാർ - മഹാരാഷ്ട്ര സർക്കാർ
ശിവസേനാ നേതാക്കൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമെതിരായ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) നടപടി അധികാര ദുർവിനിയോഗമാണെന്നും ശരദ് പവാര്‍
പിഎംസി അഴിമതി കേസുമായി ബന്ധപ്പെട്ട് ശിവസേന നേതാവ് സഞ്ജയ് റാവത്തിന്‍റെ ഭാര്യ വർഷാ റാവത്തിന് ഇഡി നോട്ടീസ് അയച്ചിരുന്നു. ഹാജരാകാനുള്ള സമയപരിധി ജനുവരി അഞ്ച് വരെ നീട്ടി നൽകണമെന്ന് വർഷ ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്നുണ്ടായ ബിജെപിയുടെ വിമർശനങ്ങൾക്ക് മറുപടി നൽകുകയായിരുന്നു പവാർ.
എംവിഎ സർക്കാർ കഴിഞ്ഞ മാസമാണ് ഒരു വർഷം പൂർത്തിയാക്കിയത്. സഖ്യ കക്ഷികൾക്കിടയിൽ പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങളുണ്ടെന്നും സർക്കാർ തകരുമെന്നും വിവിധ ബിജെപി നേതാക്കൾ പറഞ്ഞിരുന്നു. 2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും ശിവസേനയും ഒരുമിച്ച് മത്സരിച്ചിരുന്നുവെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ സഖ്യം തകരുകയായിരുന്നു.