മുംബൈ:മഹാരാഷ്‌ട്രയിൽ രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷമാക്കി ശിവസേന മന്ത്രി ഏകനാഥ് ഷിൻഡെയും എംഎൽഎമാരും ഗുവഹത്തിയിലെത്തി. തനിക്ക് ഒപ്പം 40 എംഎൽഎമാരുണ്ടെന്നാണ് ഷിൻഡെയുടെ അവകാശവാദം. അതേസമയം ശിവസേനയിൽ തുടരുമെന്ന നിലപാട് ഗുവഹത്തിലെത്തിയ ശേഷവും ഷിൻഡെ ആവർത്തിച്ചു.
സൂറത്തിലെ ലെ മെറിഡിയൻ ഹോട്ടലിൽ ക്യാമ്പ് ചെയ്‌തിരുന്ന സംഘം ബുധനാഴ്ച പുലർച്ചയോടെയാണ് അസമിലെത്തിയത്. ശിവസേന നേതാക്കളായ മിലിന്ദ് നർവേക്കറും രവീന്ദ്ര ഫടക്കും ചൊവ്വാഴ്‌ച രാത്രി വിമത എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. തുടർന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഷിൻഡെയെ നേരിട്ട് വിളിച്ച് നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു.
കോൺഗ്രസും എൻസിപിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ഹിന്ദുത്വ അജൻഡയിൽ ഉറച്ച് ബിജെപിയുമായി സഖ്യം പുനഃസ്ഥാപിക്കുകയും ചെയ്യണമെന്നായിരുന്നു ഷിൻഡെ ഫോണിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അറിയിച്ചത്. മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസില്‍ തെരഞ്ഞെടുപ്പില്‍ വോട്ട് മറിച്ചെന്ന ആരോപണങ്ങൾക്ക് ശേഷമാണ് ഏക്‌നാഥ് ഷിൻഡെയും എംഎല്‍എമാരും അപ്രത്യക്ഷമായത്. തുടർന്ന് ഷിന്‍ഡെയും എംഎല്‍എമാരും ഗുജറാത്തിലെ സൂറത്തിലുള്ള പഞ്ച നക്ഷത്ര ഹോട്ടലിലേക്ക് മാറി.