പനാജി:മഹാരാഷ്‌ട്രയില്‍ വിശ്വാസവോട്ടെടുപ്പിന് ശേഷം മന്ത്രിസഭ രൂപീകരണം സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് ശിവസേന വിമത എം.എൽ.എ ദീപക് കേസർകർ. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം വെള്ളിയാഴ്‌ച പറഞ്ഞു. വിമത എം.എല്‍.എമാര്‍ ക്യാമ്പ് ചെയ്യുന്ന ഗോവയിലെ ഹോട്ടലില്‍വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേസര്‍കര്‍.
'അതേ, 'ഇ.ഡി' സര്‍ക്കാര്‍ തന്നെ':പുതിയ സർക്കാരിന്‍റെ വിശ്വാസവോട്ടെടുപ്പ് ജൂലൈ നാലിന് നടക്കും. മന്ത്രിസഭയില്‍ ഉള്‍പ്പെടേണ്ടവരെക്കുറിച്ചോ അവര്‍ക്ക് വീതിച്ചുനല്‍കേണ്ട വകുപ്പുകൾ സംബന്ധിച്ചോ ഇതുവരെ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്‌ട്രയില്‍ അധികാരമേറ്റത് 'ഇ.ഡി' സര്‍ക്കാരാണെന്ന സോഷ്യല്‍ മീഡിയയുടെ പരിഹാസം ചൂണ്ടിക്കാണിച്ച മാധ്യമങ്ങളുടെ ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു.
'ഇ.ഡി' എന്നാൽ ഏക്‌നാഥ്- ദേവേന്ദ്ര കൂട്ടുകെട്ടാണ്. അത് മഹാരാഷ്‌ട്രയുടെ പുരോഗതിക്കായുള്ളതാണെന്നും വിമത എം.എല്‍.എ മറുപടി നല്‍കി. ''ഇ.ഡി (എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്) നിങ്ങളെ അന്വേഷണത്തിനായി വിളിച്ചേക്കാം. എന്നാല്‍, ആ സമയത്ത് നിങ്ങൾ ഹാജരാകുകയും കൃത്യമായ വിശദീകരണം നല്‍കുകയും ചെയ്‌ത് ക്ലീൻ ചിറ്റ് നേടുകയുമാണ് വേണ്ടത്.'' - കേസര്‍കര്‍ പറഞ്ഞു.