ശ്രീനഗർ: ഷോപിയാനിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ പ്രദേശവാസിയായ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടു. ഞായറാഴ്‌ച (മെയ് 15) നടന്ന സംഭവത്തിൽ പ്രദേശവാസികളുടെ വ്യാപക പ്രതിഷേധത്തിനൊടുവിലാണ് അധികൃതരോട് ഷോപിയാൻ ജില്ല മജിസ്‌ട്രേറ്റ് സച്ചിൻ കുമാർ അന്വേഷണത്തിന് ഉത്തരവട്ടത്. അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ നിയമപ്രകാരം ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഷോപിയാനിലെ ലിറ്റർ-തുർക്ക്‌വാംഗം റോഡിൽ നടന്ന ഏറ്റുമുട്ടലിൽ തുർക്ക്‌വാംഗം സ്വദേശിയായ ഷോയിബ് അഹ് ഗാനി എന്ന യുവാവിനാണ് വെടിയേറ്റത്. സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ വെടിവയ്‌പിൽ യുവാവ് കൊല്ലപ്പെട്ടതായാണ് പൊലീസ് അറിയിച്ചത്. ഇയാളെ ശ്രീനഗർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നുവെന്നും പൊലീസ് പ്രസ്‌താവനയിൽ പറഞ്ഞു.
READ MORE: ഷോപിയാനിൽ ഏറ്റുമുട്ടൽ, വെടിവയ്‌പിൽ യുവാവ് കൊല്ലപ്പെട്ടു; സിആർപിഎഫിനെതിരെ നാട്ടുകാർ
എന്നാൽ പൊലീസിന്‍റെ വിശദീകരണം നിരസിച്ച ദരാസ്‌പോര, തുർക്ക്‌വാംഗം പ്രദേശവാസികൾ യുവാവിന്‍റെ മരണത്തിൽ പ്രതിഷേധവുമായി തെരുവിലിറങ്ങി. തീവ്രവാദികളിലൊരാളാണ് യുവാവെന്ന് തെറ്റിദ്ധരിച്ചാണ് ഇയാൾക്കുനേരെ സിആർപിഎഫ് ഉദ്യോഗസ്ഥർ വെടിയുതിർത്തതെന്നും സിആർപിഎഫ് ഉദ്യോഗസ്ഥരെ പൊലീസ് സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും നാട്ടുകാർ ആരോപിച്ചു.
ഓട്ടോയിലെത്തിയ സിആർപിഎഫ് 182 ബറ്റാലിയൻ അംഗങ്ങൾ കടയിൽ ജോലി ചെയ്യുകയായിരുന്ന ഷോയിബിനെ കൈകളുയർത്താൻ ആവശ്യപ്പെട്ട ശേഷം വെടിയുതിർക്കുകയായിരുന്നുവെന്നും പതിവ് ജോലികളിലേർപ്പെട്ടിരുന്ന യുവാവും ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടലിനുള്ള യാതൊരു സാധ്യതകളും ഇല്ലാത്ത സന്ദർഭത്തിലായിരുന്നു വെടിവെയ്‌പെന്നും ഇവർ ആരോപിച്ചു. ഇതിനുപിന്നാലെയാണ് മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടത്.