റായ്‌പൂർ: ഓടക്കുഴലിലൂടെ ഒഴുകിയെത്തുന്ന മധുര ഗാനം കേൾക്കാൻ ഇഷ്‌ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. സാധാരണ ഓടക്കുഴല്‍ ഊതുമ്പോഴാണ് ഇമ്പമാർന്ന സംഗീതം നമ്മളിലേക്കെത്തുന്നത്. ഇതിൽ നിന്ന് വ്യത്യസ്തമായി വായുവില്‍ ചുഴറ്റുമ്പോൾ മനോഹര ഗാനം പുറത്തുവരുന്ന ഓടക്കുഴലിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ബസ്‌തറിലെ നാരായണ്‍പൂരിലെ ഗാര്‍ബെങ്കല്‍ എന്ന ഗ്രാമത്തില്‍ ചെന്നാല്‍ ഈ ഓടക്കുഴലുകള്‍ നിർമിക്കുന്നവരെ കാണാം. അവര്‍ അതിനുപിന്നിലെ കഥ പറയും. ഇന്ത്യയില്‍ മാത്രമല്ല, ഇറ്റലി, റഷ്യ എന്നീ വിദേശ രാജ്യങ്ങളിലും ഏറെ പ്രശസ്‌തമാണ് ഈ ഓടക്കുഴലുകള്‍.
തന്‍റെ അച്ഛൻ ഈ ഓടക്കുഴലുകൾ നിർമിക്കുന്നത് കുട്ടിക്കാലം മുതല്‍ തന്നെ പാണ്ടിറാം കാണാറുണ്ടായിരുന്നു. സ്വന്തം ഉപയോഗത്തിനായിരുന്നു അദ്ദേഹം അത് നിർമിച്ചിരുന്നത്. ബസ്‌തർ മേഖലയില്‍ മൂറിയ, ഗോണ്ട് ആദിവാസി വിഭാഗങ്ങളില്‍പ്പെട്ടവരുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട് ഗോട്ടുൽ എന്ന സ്ഥലത്തേക്ക് പോകുമ്പോൾ രാത്രിയില്‍ മിക്കപ്പോഴും അദ്ദേഹം അതുപയോഗിച്ച് ശബ്‌ദം ഉണ്ടാക്കുമായിരുന്നു. പാമ്പ് അടക്കമുള്ളവയെ അകറ്റാനായാണ് ഇങ്ങനെ ചെയ്യുന്നത്. പിന്നീട് ജനങ്ങൾ ഈ ഉപകരണത്തിന്‍റെ ശബ്‌ദം ഇഷ്‌ടപ്പെടാൻ തുടങ്ങി. ഈ ഓടക്കുഴല്‍ എങ്ങനെയാണ് നിർമിക്കുന്നതെന്നും അതിന്‍റെ രൂപം എങ്ങനെയാണെന്നും പാണ്ടിറാം മണ്ഡവിയുടെ മകന്‍ വീരേന്ദ്ര പ്രതാപ് മണ്ഡവി വിവരിക്കുന്നു.