ശിവപുരി: വാടക കൊലയാളികളെ ഉപയോഗിച്ച് പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ മകനുള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. മഹേഷ് ഗുപ്തയാണ് (59) കൊല്ലപ്പെട്ടത്. കേസില്‍ മകന്‍ അങ്കിത് ഗുപ്ത (32) സുഹൃത്ത് ലോധി, വാടക കൊലയാളി 'അജിത് കിങ്' എന്ന് പേരുള്ള അജിത്ത് സിങ് എന്നിവരാണ് പിടിയിലായത്.
സൈനികനായ സഹോദരന്‍ സര്‍വീസിലിക്കെ മരിച്ചതിന്‍റെ ഭാഗമായി പിതാവിന് ലഭിച്ച ഒരു കോടി രൂപ നഷ്ടപരിഹാരം തട്ടിയെടുക്കാനാണ് ഇയാള്‍ പിതാവിനെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രിയാണ് ഗുപ്ത കൊല്ലപ്പെട്ടത്. പിച്ചോർ പട്ടണത്തിലെ തന്റെ വീടിന്‍റെ മുറിയിൽ ഉറങ്ങിക്കിടക്കുമ്പോൾ വാടക കൊലയാളി വെടി വയ്ക്കുകയായിരുന്നു. ഫേസ്ബുക്ക് വഴിയാണ് ഇയാള്‍ പിതാവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.
അങ്കിതിന്‍റെ മദ്യാസക്തിയും ചൂതാട്ടവും പിതാവ് എതിര്‍ത്തിരുന്നു. മാത്രമല്ല ഇത്തരം ശീലങ്ങള്‍ക്ക് പണം നല്‍കാന്‍ കഴിയില്ലെന്നും പിതാവ് അറിയിച്ചു. ഇതില്‍ പിതാവുമായി കയര്‍ത്ത അങ്കിത് അദ്ദേഹത്തെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.
Also Read: പ്രണയം നിരസിച്ച യുവതിയെ വെടിവച്ചുകൊല്ലാൻ ശ്രമം ; 24 കാരൻ അറസ്റ്റിൽ
ഇതോടെ ഫേസ്ബുക്ക് വഴി ബിഹാറില്‍ നിന്നുള്ള 'അജിത് കിങ്' എന്ന സംഘത്തിന്‍റെ തലവനായ അജിത്ത് സിങിനെ കണ്ടെത്തി. ഇവരുമായി കൊലപാതകത്തിന് ഒരു ലക്ഷത്തിന് ക്വട്ടേഷന്‍ ഉറപ്പിച്ചു. ഇതോടെ അജിത്ത് സിങിന്‍റെ അക്കൗണ്ടിലേക്ക് 10000 രൂപ നിക്ഷേപിക്കുകയും ചെയ്തു. പിന്നീട് ഝാൻസി റെയിൽവേ സ്‌റ്റേഷനിൽ അങ്കിതും സുഹൃത്തായ ലോധിയും ചേര്‍ന്ന് വാടക കൊലയാളിയായ സിങ്ങിനെ സ്വീകരിച്ചു.
ശിവപുരി ജില്ലയിലെ ലഭേദ തിരഹ പ്രദേശത്താണ് ഇയാളെ താമസിപ്പിച്ചത്. എന്നാല്‍ പണം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും പദ്ധതി റദ്ദാക്കാമെന്നും അങ്കിത് കൊലയാളിയെ അറിയിക്കുകയായിരുന്നു. എന്നാല്‍ അജിത്ത് സിങ് ഇതിന് തയ്യാറായില്ല. ഇതോടെ മകന്‍റെ സഹായത്തോടെ ഗുപ്തയെ വീട്ടിലെത്തി വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. കുറ്റകൃത്യത്തിന് ഉപയോഗിച്ച നാടൻ തോക്കുകളും വെടിയുണ്ടകളും ലോധി ഏർപ്പാടാക്കിയെന്നാണ് പൊലീസിന്‍റെ നിഗമനം. ഭാര്യയേയും മകളെയും ഉറക്കിയ ശേഷം ഇയാള്‍ വീടിന്‍റെ രണ്ടാം നില കൊലപാതകിക്ക് കയറാനായി അങ്കിത് വാതില്‍ തുറന്നു കൊടുക്കുകയായിരുന്നു. അകത്ത് കയറിയ കൊലയാളി പിതാവിന്‍റെ നേരെ വെടിയുതിര്‍ത്തു. വെടിയൊച്ച കേട്ടതോടെ അങ്കിതിന്‍റെ ഭാര്യ ഉണര്‍ന്നു.
ഇടിയുടെ ശബ്ദമാണെന്ന് പറഞ്ഞ് ഇയാള്‍ ഭാര്യയെ വീണ്ടും ഉറക്കി. കൊലയാളി പോയ ശേഷം ഇയാള്‍ വീട് അകത്ത് നിന്നും പൂട്ടുകയും ചെയ്തു. അടുത്ത ദിവസം രാവിലെ അജ്ഞാതൻ പിതാവിനെ കൊലപ്പെടുത്തിയതായി അങ്കിത് നാട്ടുകാരെ അറിയിക്കുകയായിരുന്നു.