മധുരയില്‍ ട്രെയിനിന് തീപിടിച്ച് അപകടം മധുര (തമിഴ്‌നാട്) : മധുരയില്‍ ടൂറിസ്റ്റ് ട്രെയിനിന് തീപിടിച്ച് ഒന്‍പത് മരണം (tourist train caught Fire in Madurai station). ലഖ്‌നൗവില്‍ നിന്നുള്ള തീര്‍ഥാടകരുമായി ട്രെയിന്‍ രാമേശ്വരത്തേക്ക് വരുന്നതിനിടെയാണ് അപകടം. യാത്രക്കാര്‍ ചായ തയാറാക്കുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. തീപിടിത്തത്തില്‍ 12ലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 5.15ഓടെയാണ് അപകടം നടന്നത്.
പരിക്കേറ്റവരെ ഗവണ്‍മെന്‍റ് രാജാജി ആശുപത്രയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. അപകടത്തില്‍ മരിച്ചവരെ തിരിച്ചറിയുന്നതിനായി ഇവരുടെ ബന്ധുക്കളുമായി ബന്ധപ്പെടുകയാണ് പൊലീസ്.
അഗ്‌നിരക്ഷാസേന അപകട സ്ഥലത്ത് എത്തി 7.15 ഓടെ തീ നിയന്ത്രണ വിധേയമാക്കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി മധുര കലക്‌ടര്‍ സംഗീതയും സ്ഥലത്തെത്തി. തമിഴ്‌നാട് വാണിജ്യ നികുതി, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി പി മൂര്‍ത്തിയും സംഭവ സ്ഥലം സന്ദര്‍ശിച്ചു. കലക്‌ടര്‍ സംഗീത വിവരങ്ങള്‍ മുഖ്യമന്ത്രിയുമായി പങ്കുവയ്‌ക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
മധുര ഡിവിഷനിലെ ഉയര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് ആവശ്യമായ സഹായം ഉറപ്പാക്കുമെന്നും റെയില്‍വേ ഉറപ്പ് നല്‍കി. ട്രെയിനിന്‍റെ രണ്ട് കോച്ചുകളിലാണ് തീപടര്‍ന്നത്. മധുര സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കെയാണ് അപകടമെന്നാണ് വിവരം.
ഫലക്‌നുമ എക്‌സ്‌പ്രസ് തീപിടിത്തത്തിന് കാരണമായത് ഷോര്‍ട് സര്‍ക്യൂട്ട്:ഇക്കഴിഞ്ഞ ജൂലൈയില്‍ ഫലക്‌നുമ എക്‌സ്‌പ്രസില്‍ വൻ തീപിടിത്തം ഉണ്ടായിരുന്നു. നാല് ബോഗികള്‍ക്കായിരുന്നു തീപിടിച്ചത്. തീ പടര്‍ന്ന കോച്ചുകളെല്ലാം പൂർണമായും കത്തി നശിച്ചിരുന്നു. തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയിലെ പഗിഡിപള്ളിക്കും ബൊമ്മൈപളളിക്കും ഇടയിലാണ് അപകടമുണ്ടായത്.
തീ ആളിപ്പടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടൻ തന്നെ റെയില്‍വേ അധികൃതര്‍ യാത്രക്കാരെ സമയോചിതമായി ട്രെയിനില്‍ നിന്ന് പുറത്തിറക്കിയതിനാല്‍ വൻ ദുരന്തം ഒഴിവായി. അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്ക് പറ്റിയിട്ടില്ലെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഷോർട് സർക്യൂട്ടാണ് ട്രെയിനില്‍ തീ പടരാന്‍ കാരണമെന്നായിരുന്നു പ്രാഥമിക കണ്ടെത്തല്‍.
കോച്ചില്‍ നിന്ന് പുകയും തീയും ഉയര്‍ന്നതോടെ ട്രെയിന്‍ നിര്‍ത്തി ആളുകളെ ഉടന്‍ തന്നെ പുറത്തിറക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് തീ കൂടുതല്‍ ബോഗികളിലേക്ക് പടര്‍ന്നത്. കൂടുതല്‍ റെയില്‍വേ അധികൃതരും ഫയര്‍ഫോഴ്‌സും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. സെക്കന്തരാബാദില്‍ നിന്ന് ഹൗറയിലേക്ക് സര്‍വീസ് നടത്തുന്ന ട്രെയിനാണ് ഫലക്‌നുമ എക്‌സ്പ്രസ്.
ഹൗറയിൽ നിന്ന് പുറപ്പെട്ട ഫലക്‌നുമ എക്‌സ്‌പ്രസ് സെക്കന്തരാബാദില്‍ എത്താന്‍ ഏതാനും കിലോമീറ്ററുകള്‍ ശേഷിക്കെയാണ് അപകടമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടിന്‍റെ കാരണങ്ങള്‍ തുടക്കത്തില്‍ വ്യക്തമായിരുന്നില്ല. പിന്നീട് അപകടത്തില്‍പ്പെട്ട കോച്ചുകള്‍ വേര്‍പെടുത്തുകയും സുരക്ഷ പരിശോധനകള്‍ ഉറപ്പാക്കുകയും ചെയ്‌ത ശേഷം ട്രെയിന്‍ യാത്ര തുടര്‍ന്നു എന്നാണ് വിവരം.
Also Read :Falaknuma express| ഫലക്‌നുമ എക്‌സ്‌പ്രസില്‍ വൻ തീപിടിത്തം, 4 ബോഗികള്‍ കത്തിനശിച്ചു, ആളപായമില്ല