ഗാസിപൂർ:ദേശീയ ഗാനത്തിൽ നിന്ന് 'സിന്ധ്' നീക്കം ചെയ്യണമെന്ന് ഉത്തര്‍പ്രദേശിലെ മുസ്‌ലിം പുരോഹിതൻ. നിലവില്‍ പാകിസ്ഥാന്‍റെ ഭാഗമായ സിന്ധിനെ തങ്ങള്‍ പ്രകീര്‍ത്തിക്കില്ലെന്ന് മൗലാന അൻവർ ഹുസൈൻ സിദ്ദിഖി പറഞ്ഞു. മദ്രസകളില്‍ ക്ലാസ് ആരംഭിക്കും മുന്‍പ് ദേശീയഗാനം ആലപിക്കുന്നത് നിര്‍ബന്ധമാക്കിയുള്ള യു.പി സര്‍ക്കാരിന്‍റെ ഉത്തരവിന് പിന്നാലെയാണ് മത പണ്ഡിതന്‍റെ അഭിപ്രായം.
'ദേശീയഗാനം പാകിസ്ഥാനെ പ്രകീര്‍ത്തിക്കുന്നു'; 'സിന്ധ്' പദം നീക്കം ചെയ്യണമെന്ന് മുസ്‌ലിം പുരോഹിതന്‍ - ദേശീയഗാനം പാകിസ്ഥാനെ പ്രശംസിക്കുന്നതിന് തുല്യമെന്ന് യുപിയിലെ മുസ്‌ലിം പുരോഹിതന്‍
മദ്രസകളില്‍ ദേശീയ ഗാനം ആലപിക്കണമെന്ന യു.പി സര്‍ക്കാരിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്‌താണ് മുസ്‌ലിം പുരോഹിതന്‍ അഭിപ്രായം അറിയിച്ചത്
മദ്രസകളില്‍ ദേശീയ ഗാനം ആലപിക്കണമെന്ന നമ്മുടെ മുഖ്യമന്ത്രിയുടെ തീരുമാനത്തെ ഞാൻ സ്വാഗതം ചെയ്യുന്നു. പാകിസ്ഥാൻ നമ്മുടെ ശത്രുവാണ്, അതിനാൽ എനിക്ക് 'സിന്ധിനെ' പുകഴ്ത്താൻ കഴിയില്ല. പകരം മറ്റൊന്ന് കൊണ്ടുവരണം. മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്‍റെ വാക്കുകളെയും ഞാൻ ബഹുമാനിക്കുന്നു.
കാരണം അദ്ദേഹം വെറുമൊരു മുഖ്യമന്ത്രി മാത്രമല്ല, ഒരു സന്യാസി കൂടിയാണ്. ആ നിലയിൽ, അദ്ദേഹത്തിന്‍റെ ജോലി ആളുകളെ 'ഹിന്ദു-മുസ്‌ലിം' എന്ന് വിധിക്കലല്ല, മറിച്ച് മനുഷ്യരായി കാണലാണ്. ഭിന്നതകൾ മറികടന്ന് സംസ്ഥാനത്തിന് വേണ്ടി പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ഗാസിപൂർ ജില്ലയിലെ മുഹമ്മദാബാദ് പ്രദേശവാസിയായ മൗലാന അൻവർ ഹുസൈൻ സിദ്ദിഖി ആവശ്യപ്പെട്ടു.