ചെന്നൈ: മദ്രാസ് ഹൈക്കോടതിയുടെ ചരിത്രത്തിൽ ആദ്യമായി വാട്ട്‌സ്ആപ്പ് വഴി കേസിന്‍റെ വാദം നടത്തി ജഡ്‌ജി. ഞായറാഴ്‌ച (മെയ് 15) നാഗർകോവിലിൽ ഒരു ബന്ധുവിന്‍റെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ ജസ്റ്റിസ് ജി.ആർ സ്വാമിനാഥനാണ് അടിയന്തരമായി കേസിൽ വാദം കേട്ടത്.
ക്ഷേത്രത്തിലെ രഥോത്സവം തിങ്കളാഴ്‌ച (മെയ് 16) നടന്നില്ലെങ്കിൽ തന്‍റെ ഗ്രാമം ദൈവകോപത്തിന് ഇരയാകുമെന്ന് കാണിച്ച് ധർമപുരി ജില്ലയിലെ അഭീഷ്‌ഠ വരദരാജ സ്വാമി ക്ഷേത്രത്തിന്‍റെ പാരമ്പര്യ ട്രസ്റ്റി പി.ആർ ശ്രീനിവാസനാണ് കോടതിയെ സമീപിച്ചത്.
ഹർജിക്കാരന്‍റെ തീക്ഷ്‌ണമായ ഭക്തി നാഗർകോവിലിൽ നിന്ന് വാട്ട്‌സ്ആപ്പിലൂടെ അടിയന്തരമായി വാദം കേൾക്കാൻ തന്നെ പ്രേരിപ്പിച്ചുവെന്ന് ഉത്തരവിന്‍റെ പ്രാരംഭ വാചകത്തിൽ ജഡ്‌ജി വ്യക്തമാക്കി. ഹർജിക്കാരന്‍റെ അഭിഭാഷകൻ വി രാഘവാചാരി, അഡ്വക്കേറ്റ് ജനറൽ ആർ ഷൺമുഖസുന്ദരം എന്നിവരും നഗരത്തിലെ വിവിധയിടങ്ങളിൽ നിന്നാണ് കേസ് വാദിച്ചത്.
ALSO READ: ഗ്യാന്‍വാപി മസ്ജിദ് സര്‍വേ: റിപ്പോര്‍ട്ട് സമർപ്പിക്കാന്‍ കൂടുതല്‍ സമയം തേടി കമ്മിഷന്‍
ക്ഷേത്രത്സവുമായി ബന്ധപ്പെട്ട രഥോത്സവം നർത്തിവയ്‌ക്കാൻ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ വകുപ്പിലെ ഉദ്യോഗസ്ഥന് അധികാരമില്ലെന്ന് ചൂണ്ടിക്കാണിച്ച ജഡ്‌ജി, ഉത്തരവ് റദ്ദാക്കിക്കൊണ്ട് ഹർജിക്കാരന് അനുകൂലമായി വിധി പുറപ്പെടുവിച്ചു.
പരിപാടി നടത്തുന്നതിനെ സർക്കാർ എതിർക്കുന്നില്ലെന്ന് എജി നേരത്തെ ജഡ്‌ജിയെ അറിയിച്ചിരുന്നു. പൊതുജനങ്ങളുടെ സുരക്ഷയാണ് ആശങ്കയായി മുന്നോട്ടുവച്ചത്. സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ മാസം തഞ്ചാവൂരിൽ രഥോത്സവത്തിനിടെ 11 പേർ ഷോക്കേറ്റ് മരിച്ചിരുന്നു.
അത്തരം സംഭവം ആവർക്കാതിരിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം കോടതിയിൽ അറിയിച്ചു. ക്ഷേത്രോത്സവങ്ങൾ നടത്തുമ്പോൾ സർക്കാർ അനുശാസിക്കുന്ന നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കണമെന്ന് ജഡ്‌ജി ക്ഷേത്ര അധികാരികളോട് നിർദേശിച്ചു.