മധ്യപ്രദേശിൽ കുഴൽക്കിണർ അപകടം; രക്ഷാപ്രവർത്തനം തുടരുന്നു
200 അടി താഴ്ചയിൽ വീണ അഞ്ചു വയസുകാരനു വേണ്ടിയുള്ള രക്ഷാപ്രവർത്തനമാണ് നടക്കുന്നത്.
ഭോപ്പാൽ: മധ്യപ്രദേശിൽ കുഴൽക്കിണറിൽ വീണ അഞ്ചു വയസുകാരനായുള്ള രക്ഷാപ്രവർത്തനം തുടരുന്നു. സെത്പുര ഗ്രാമത്തിൽ 200 അടി താഴ്ചയുള്ള കുഴിയിൽ വീണ പ്രഹ്ളാദ് എന്ന കുട്ടിക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനമാണ് ഏകദേശം 40 മണിക്കൂറോളമായി നടക്കുന്നത്. കുട്ടി 60 അടി താഴ്ചയിൽ കുടുങ്ങിയിരിക്കുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു. രക്ഷാപ്രവർത്തകർ കുട്ടിക്ക് ഓക്സിജൻ നൽകിയിട്ടുണ്ട്. കുട്ടി ഇപ്പോൾ അബോധാവസ്ഥയിലാണെന്നും കുട്ടിയുടെ അടുത്തേക്കെത്താൻ തുരങ്കം നിർമ്മിച്ചിട്ടുണ്ടെന്നും എൻഡിആർഎഫ് ഉദ്യോഗസ്ഥർ അറിയിച്ചു. ജെസിബി ഉപയോഗിച്ച് 58 അടി വരെ കുഴിച്ചിട്ടുണ്ട്. തൊഴിലാളികൾ പൈപ്പ് ഇടാനിരുന്ന കുഴിയിലാണ് കുട്ടി വീണത്.