ഭോപ്പാൽ: മധ്യപ്രദേശില്‍ ആദ്യ എച്ച് 3 എന്‍ 2 കേസ് റിപ്പോർട്ട് ചെയ്‌തതായി മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ്. സംസ്ഥാന തലസ്ഥാനമായ ഭോപ്പാലിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. രോഗിയെ ഹോം ഐസൊലേഷനിൽ പാർപ്പിച്ചിരിക്കുകയാണ് എന്ന് മന്ത്രി മാധ്യമങ്ങളെ അറിയിച്ചു.
ഓര്‍ത്തോമൈക്‌സോവിറിഡേ (Orthomyxoviridae) വിഭാഗത്തില്‍പ്പെട്ട ഇൻഫ്ലുവൻസ രോഗമാണ് എച്ച് 3 എന്‍ 2. എ, ബി, സി,ഡി എന്നീ നാല് വ്യത്യസ്‌ത തരം വൈറസുകൾ മൂലമുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ അണുബാധയാണിത്. മൃഗങ്ങളിലും കാണപ്പെടുന്ന ഈ രോഗം, ഇൻഫ്ലുവൻസ എ ആണ് മനുഷ്യരില്‍ ഏറ്റവും സാധാരണഗതിയില്‍ കാണപ്പെടുന്നത്. ആഗോളതലത്തിൽ, ചില മാസങ്ങളിൽ ഇൻഫ്ലുവൻസ കേസുകൾ വർധിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെ:ഇന്ത്യയില്‍ സാധാരണയായി സീസണൽ ഇൻഫ്ലുവൻസയുടെ രണ്ട് ഘട്ടമാണ് റിപ്പോര്‍ട്ട് ചെയ്യാറുള്ളത്. ഒന്ന് ജനുവരി മുതൽ മാർച്ച് വരെയും മറ്റൊന്ന് മൺസൂണിന് ശേഷമുള്ള കാലത്തും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്, സീസണൽ ഇൻഫ്ലുവൻസ മൂലമുണ്ടാകുന്ന കേസുകൾ മാർച്ച് അവസാനം മുതൽ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണ ഗതിയില്‍ ചുമ, ജലദോഷം, ശരീരവേദന, പനി തുടങ്ങിയ ലക്ഷണങ്ങളാണ് കാണാറുള്ളത്.
ഈ രോഗം ബാധിച്ചാല്‍ പൊതുവെ ഒരാഴ്‌ചയ്ക്കുള്ളിൽ കുറയാറുണ്ട്. എന്നാല്‍, ശിശുക്കൾ, കുട്ടികൾ, ഗർഭിണികൾ, 65 വയസിന് മുകളിലുള്ള പ്രായമായവർ, മറ്റ് ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ ഉയർന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകളില്‍ പെട്ടവരാണ്. ഇക്കാരണത്താല്‍ തന്നെ ഈ ഗ്രൂപ്പുകളില്‍ ഉള്ളവര്‍ക്ക് ശരിയായ ചികിത്സ നല്‍കേണ്ടത് അനിവാര്യമാണ്.